20 June, 2016 10:26:06 AM


യൂറോകപ്പ് : ഫ്രാന്‍സിനെ സമനിലയില്‍ തളച്ച്‌ സ്വിറ്റ്സര്‍ലണ്ടും പ്രീക്വാര്‍ട്ടറില്‍



ലില്ലെ മെട്രോപോളെ: ആതിഥേയരായ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച്‌ സ്വിറ്റ്സര്‍ലന്‍ഡ് യൂറോകപ്പ് പ്രീ-ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ചാംപ്യന്മാരായി ഫ്രാന്‍സ് നേരത്തെ തന്നെ പ്രീ-ക്വാര്‍ട്ടറിലെത്തിയിരുന്നു. റുമാനിയയെ 1-0നു തോല്‍പിച്ച്‌ അല്‍ബേനിയ പ്രതീക്ഷ നിലനിര്‍ത്തി. 


സ്വിറ്റ്സര്‍ലന്‍ഡിനെതിരെ നിര്‍ഭാഗ്യം ഫ്രാന്‍സിനെ പലവട്ടം പിടികൂടി. ആദ്യ പകുതിയില്‍ പോള്‍ പോഗ്ബയുടെ രണ്ടു ഷോട്ടുകള്‍ ക്രോസ് ബാറിലിടിച്ചു മടങ്ങി. രണ്ടാം പകുതിയില്‍ ദിമിത്രി പായെറ്റിനും അതേ വിധി തന്നെ. ആദ്യ മത്സരത്തില്‍ അല്‍ബേനിയെ പരാജയപ്പെടുത്തുകയും രണ്ടാം മത്സരത്തില്‍ റുമാനിയയോട് സമനില നേടുകയും ചെയ്ത സ്വിറ്റ്സര്‍ലന്‍ഡിന് പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഇന്നത്തെ സമനില ധാരളമായിരുന്നു.  


ആദ്യമായി ഒരു മേജര്‍ ടൂര്‍ണ്ണമെന്റ് കളിക്കാനെത്തിയ അല്‍ബേനിയയുടെ റുമാനിയക്കെതിരായുള്ള ജയം ചരിത്രമായി. ഈ യൂറോയിലെ അല്‍ബേനിയയുടെ ആദ്യ ഗോളുമാണ് അര്‍മാണ്ടൊ സാദികു നേടിയത്. ലെഡിയന്‍ മെമുഷാജിന്റെ ക്രോസില്‍ അര്‍മാണ്ടൊ സാദികു ഹെഡ്ഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. മൂന്നു കളികളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള റുമാനിയ പുറത്തായി. എല്ലാ ഗ്രൂപ്പിലെയും മികച്ച നാലു മൂന്നാം സ്ഥാനക്കാര്‍ക്കും നോക്കൗട്ടിലേക്കു കടക്കാം. 


ഇതോടെ ഗ്രൂപ്പ് എ യിലെ അവസാന ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായി. മുന്നാം സ്ഥാനത്തുണ്ടായിരുന്ന റുമാനിയക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ അല്‍ബേനിയയെ നല്ല മാര്‍ജിനില്‍ പരാജയപ്പെടുത്തുകയും സ്വിറ്റ്സര്‍ലന്‍ഡ് ഫ്രാന്‍സിനോട് പരാജയപ്പെടുകയും വേണമായിരുന്നു. ആദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡ് യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K