17 November, 2021 08:32:44 AM
ബലാബലം സമാസമം; അർജന്റീനയും ബ്രസീലും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു
സാൻ ഹ്വാൻ: ബ്രസീൽ-അർജന്റീന ക്ലാസ് പോരാട്ടം സമനിലയിൽ. ഫിഫ ഖത്തർ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഹെവിവെയ്റ്റ് ടീമുകളായ അർജന്റീനയും ബ്രസീലും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ലയണൽ മെസി മുഴുവൻ സമയം കളംനിറഞ്ഞു കളിച്ചിട്ടും അർജന്റീനയ്ക്കു ലക്ഷ്യം കാണാനായില്ല. മെസി രണ്ട് തവണ ഗോളിലേക്ക് ലക്ഷ്യംവച്ചെങ്കിലും ഗോൾ അകന്നുനിന്നു.
പരിക്കുമൂലം ബ്രസീലിനൊപ്പം നെയ്മർ കളിക്കാനിറങ്ങിയില്ല. നെയ്മറുടെ അസാന്നിധ്യത്തിൽ മുന്നേറ്റ നിരയെ നയിച്ച വിനീഷ്യസ് ജൂനിയർ നിരാശപ്പെടുത്തി. കളിയിൽ അർജന്റീനയ്ക്കായിരുന്നു നേരിയ മുൻതൂക്കം. അർജന്റീന ഏഴ് കോർണറുകൾ നേടിയെടുത്തപ്പോൾ ബ്രസീലിന് ഒന്നുപോലും നേടാനായില്ല. ബ്രസീൽ ഇതിനോടകം ലോകകപ്പ് യോഗ്യത സ്വന്തമാക്കിയതാണ്. അർജന്റീന യോഗ്യതയ്ക്ക് അരികിലെത്തി നിൽക്കുന്നു.
ബ്രസീലിൽവച്ച് ഇരു ടീമുകളും തമ്മിൽ നടക്കേണ്ടിയിരുന്ന ആദ്യപാദ മത്സരം അർജന്റൈൻ താരങ്ങൾ കോവിഡ് ചട്ടം ലംഘിച്ചെന്ന പേരിൽ റദ്ദാക്കിയിരുന്നു. മത്സരം ആരംഭിച്ചതിനു തൊട്ടുപിന്നാലെ ബ്രസീൽ ആരോഗ്യപ്രവർത്തകർ മൈതാനത്തെത്തിയതോടെയാണ് അന്നു മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. യോഗ്യതാ റൗണ്ടിൽ ഇതുവരെ ഇരു ടീമുകളും തോൽവി അറിഞ്ഞിട്ടില്ല. അർജന്റീന തോൽവി അറിയാതെ 27 മത്സരങ്ങൾ പൂർത്തിയാക്കി.