17 June, 2016 09:55:20 PM


സിംഹങ്ങള്‍ക്കുമുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത രവീന്ദ്ര ജഡേജ നിയമക്കുരുക്കില്‍



അഹമ്മദാബാദ് : സിംഹങ്ങള്‍ക്കുമുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ നിയമക്കുരുക്കില്‍. സഫാരിക്കെത്തിയ ജഡേജ ഗുജറാത്തിലെ ഗിര്‍ വന്യജീവി സങ്കേതത്തിലെ സിംഹങ്ങള്‍ക്കു മുന്നില്‍ നിന്ന് ഭാര്യയ്ക്കൊപ്പമെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തായത്. സംഭവത്തില്‍ അന്വേഷണത്തിന് ഗുജറാത്ത് വനംവകുപ്പ് നിര്‍ദേശം നല്‍കി.


വ്യാഴാഴ്ചയാണ് ഭാര്യയ്ക്കൊപ്പം ജഡേജ വന്യജീവി സങ്കേതം സന്ദര്‍ശിക്കാനെത്തിയത്. കടുത്ത നിയന്ത്രണമാണ് ഇവിടെ സന്ദര്‍ശകര്‍ക്കുള്ളത്. സഫാരിക്കിടയില്‍ വനംവകുപ്പിന്റെ വാഹനത്തില്‍നിന്നും പുറത്തിറങ്ങാനോ സിംഹങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനോ പാടില്ലെന്നാണ് നിര്‍ദേശം. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ജഡേജയും ഭാര്യയും പുറത്തിറങ്ങുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തത്.


സോഷ്യല്‍ മീഡിയയില്‍ ജഡേജ പോസ്റ്റ് ചെയ്ത ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ജഡേജയുടെ പ്രവ‍ൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനകംതന്നെ നിരവധിപേര്‍ രംഗത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K