09 November, 2021 01:23:24 PM


സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നവംബർ 14 ന് കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തില്‍



കോട്ടയം: സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്നു സംഘടിപ്പിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നവംബർ 14 ന് കോട്ടയത്ത് നടക്കും. നാഗമ്പടം രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയമാകും മത്സരങ്ങൾക്ക് വേദിയാകുക. രാവിലെ ഒൻപതിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചാമ്പ്യൻഷിപ്പ് ഉദ്ഘാടനവും വീര മാർത്താണ്ഡവർമ്മ പുരസ്‌കാര സമർപ്പണവും മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമ്മേളനത്തിൽ തിരുവനന്തപുരം ജെ.ബി.ആർ കളരിയിലെ ബാബുരാജ് ഗുരുക്കൾ വീര മാർത്താണ്ഡവർമ്മ പുരസ്‌കാരം ഏറ്റുവാങ്ങും. 

സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡി.കെ മുരളി എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിക്കും. എറണാകുളം ജില്ലാ സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ മാക്‌സി എം.എൽ.എ മുഖ്യാത്ഥിതി ആയി പങ്കെടുക്കും. സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് മുഖ്യപ്രഭാഷണം നടത്തും. യുവജനക്ഷേമ ബോർഡ് അംഗം ടി.ടി ജിസ്‌മോൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.ശങ്കരൻ, സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ ട്രഷറർ എം.ജയകുമാർ ഗുരുക്കൾ എന്നിവർ പ്രസംഗിക്കും.

തുടർന്നു കളരിപ്പയറ്റ് മത്സരങ്ങൾ നടക്കും. 14 ന് വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ മുഖ്യാതിഥിയായി പങ്കെടുക്കും. സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.ഷാജി വാസുദേവൻ ഗുരുക്കൾ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നഗരസഭ ആക്ടിംങ് ചെയർമാൻ ബി.ഗോപകുമാർ, യുവജന ക്ഷേമബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കെ.ജെ മിഥുൻ , ഓർഗനൈസിംങ് കൺവീനർ ഡോ.ഹരികൃഷ്ണൻ, കോട്ടയം ജില്ലാ സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജോർജ് ഗുരുക്കൾ എന്നിവർ പ്രസംഗിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K