31 October, 2021 11:44:52 AM


സംസ്ഥാനത്ത് വനിതകള്‍ക്ക് മാത്രമായി സ്റ്റേഡിയം വരുന്നു; പിങ്ക് സ്റ്റേഡിയം ഒരുങ്ങുന്നത് കാസര്‍ഗോഡ്



കാസര്‍ഗോഡ്: വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍ഗോഡ് ഒരുക്കുമെന്ന് പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി മാറുക. കാസര്‍ഗോഡ് നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും. നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം സംസാരിച്ചെന്നും മന്ത്രി അറിയിച്ചു.

പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികളെ കളിക്കളത്തിലേക്ക് ആകര്‍ഷിക്കാനും കായികരംഗത്ത് മികച്ച വനിതാ താരങ്ങളെ സൃഷ്ടിക്കാനും ഇതു വഴി സാധിക്കുമെന്ന് മന്ത്രി പറയുന്നു. രാവിലെയും വൈകിട്ടും തടസങ്ങളില്ലാതെ പെണ്‍കുട്ടികള്‍ക്ക് പരിശീലനം സാധ്യമാകും. സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കും. അടുത്ത ദിവസങ്ങളില്‍ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തും. ജില്ലാ കലക്റ്റര്‍, നഗരസഭാ അധികൃതര്‍ എന്നിവുമായി സംസാരിച്ച് പദ്ധതി തയ്യാറാക്കും.

വനിത സ്റ്റേഡിയമാക്കി മാറ്റുന്ന താളിപ്പടുപ്പ് മൈതാനം മന്ത്രി സന്ദര്‍ശിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം.മുഹമ്മദ് ഹനീഷ്, ജില്ലാ കലക്റ്റര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കായിക വകുപ്പ് ഡയറക്റ്റര്‍ ജെറോമിക് ജോര്‍ജ്, കാസര്‍ഗോഡ്‌നഗരസഭ ചെയര്‍മാന്‍ അഡ്വ. വി. എം മുനീര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് മേഴ്സി കുട്ടന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K