22 October, 2021 11:34:06 PM
നെതർലൻഡ്സിനെ 44ൽ എറിഞ്ഞിട്ട് എട്ടോവറിൽ കളിതീർത്തു; ശ്രീലങ്ക സൂപ്പർ 12ൽ
ഷാർജ: നെതർലൻഡ്സിനെ തകർത്തുതരിപ്പണമാക്കി ശ്രീലങ്ക ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ 12ൽ ഇടംനേടി. നെതർലൻഡ്സിനെ 44ൽ ഓൾഔട്ടാക്കിയ ശ്രീലങ്ക 7.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും തോറ്റാണ് നെതര്‍ലന്‍ഡ്സ് മടങ്ങുന്നത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സ് നിരയിൽ കോളിൻ അക്കര്മാൻ(11) മാത്രമാണ് രണ്ടക്കം കണ്ടത്. ലഹിരു തിരിമാനയും വനിന്ദു ഹസരംഗയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ കുശാൽ പെരേര(24 പന്തിൽ 33) തകർത്തടിച്ചതോടെ ലങ്ക വിജയത്തിലെത്തി. ഇതോടെ ആദ്യ റൗണ്ടിലെ മത്സരങ്ങളെല്ലാം പൂർത്തിയായി. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ഉൾപ്പെട്ട സൂപ്പർ 12 ഗ്രൂപ്പ് ഒന്നിലാണ് ശ്രീലങ്ക ഇടംപിടിച്ചത്. ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, സ്കോട്ലൻഡ് ടീമുകളുള്ള ഗ്രൂപ്പ് രണ്ടിലാണ് നമീബിയ മത്സരിക്കുന്നത്.