19 October, 2021 01:55:20 AM
ട്വന്റി-20: ആദ്യ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം
ദുബായ്: ട്വന്റി-20 ലോകകപ്പ് ആദ്യ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം ഇന്ത്യ 19 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 46 പന്തിൽ 70 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
അർധ സെഞ്ചുറി നേടിയ ഇഷാൻ കിഷനും കെ.എൽ. രാഹുലുമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ 82 റൺസ് നേടിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 24 പന്തിൽ 51 റൺസെടുത്ത കെ.എൽ. രാഹുലിനെ മാർക്ക് വുഡ് പുറത്താക്കി. ഇഷാൻ കിഷൻ റിട്ടയർഡ് ഹർട്ടായി മടങ്ങി.
പിന്നാലെ എത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലി(11), സൂര്യകുമാർ യാദവ്(8) എന്നിവർ കാര്യമായൊന്നും ചെയ്യാതെ മടങ്ങി. എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച റിഷഭ് പന്തും(14 പന്തിൽ 29) ഹർദിക് പാണ്ഡ്യയും(10 പന്തിൽ 12) ചേർന്നു ഇന്ത്യയെ വിജയത്തിലെത്തി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. ജോണി ബെയർസ്റ്റോ(36 പന്തിൽ 49), മോയിൻ അലി(20 പന്തിൽ 43), ലിയാം ലിവിംഗ്സ്റ്റോൺ(20 പന്തിൽ 30) എന്നിവർ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയും രാഹുൽ ചാഹലും ഓരോ വിക്കറ്റ് വീതം നേടി.