15 June, 2016 01:49:53 PM


കോപ്പാ സെന്റിനറി ഫുട്‌ബോള്‍: മൂന്നു കളികളും ജയിച്ച്‌ അര്‍ജന്റീന ക്വാര്‍ട്ടറില്‍



സീറ്റില്‍: ലോകകപ്പ്‌ വീഴ്‌ചയ്‌ക്ക് പിന്നാലെ അതിശക്‌തമായി ഉയിര്‍ത്തെഴുന്നേറ്റ അര്‍ജന്റീനയുടെ കരുത്ത്‌ പാനമയ്‌ക്ക് പിന്നാലെ ബൊളീവിയയും അറിഞ്ഞു. കോപ്പാ സെന്റിനറി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബൊളീവിയയെ ഏകപക്ഷീയമായ മൂന്ന്‌ ഗോളിന്‌ അര്‍ജന്റീന തറ പറ്റിച്ചു. കഴിഞ്ഞ മത്സരങ്ങള്‍ കൊണ്ടു തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച അര്‍ജന്റീന ഗ്രൂപ്പ്‌ ജേതാക്കളായിട്ടാണ്‌ ക്വാര്‍ട്ടര്‍ കളിക്കാനെത്തുന്നത്‌.


സെഞ്ച്വറി ലിങ്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എറിക്‌ ലാമേല, ലാവെസി, കുവോസ്‌റ്റ എന്നിവര്‍ ആദ്യ പകുതിയില്‍ നേടിയ ഗോളുകളിലാണ്‌ അര്‍ജന്റീന ജയം രുചിച്ചത്‌. മെസിയുടെ അഭാവത്തിലും തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ അര്‍ജന്റീന 13 ാം മിനിറ്റില്‍ എറിക്‌ ലാമേലയിലൂടെ ആദ്യം മുന്നിലെത്തി. രണ്ടു മിനിറ്റു കഴിഞ്ഞപ്പോള്‍ തന്നെ ലാവെസി ഗോള്‍നില വര്‍ദ്ധിപ്പിച്ചു. 32 ാം മിനിറ്റില്‍ വിക്‌റ്റര്‍ കുവേസ്‌റ്റ മൂന്നാംഗോളും നേടി.


രണ്ടാം പകുതിയില്‍ ഗോണ്‍സാലോ ഹിഗ്വന്‌ പകരക്കാരനായി നായകന്‍ മെസി കളത്തിലിറങ്ങിയെങ്കിലും കൂടുതല്‍ ഗോള്‍ നേട്ടം കണ്ടെത്താനായില്ല. ഒട്ടേറെ മുന്നേറ്റം നടത്തിയെങ്കിലും ഗോളിലെത്തിക്കാന്‍ കഴിഞ്ഞില്ല. ക്വാര്‍ട്ടറില്‍ വെനസ്വേലയാണ്‌ അര്‍ജന്റീനയുടെ എതിരാളികള്‍. നേരത്തേ പാനമയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ നിലവിലെ ചാമ്പ്യന്മാരായ ചിലി ക്വാര്‍ട്ടറില്‍ കടന്നിരുന്നു. മെക്‌സിക്കോയാണ്‌ ക്വാര്‍ട്ടറില്‍ ചിലിയുടെ എതിരാളികളാകുന്നത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K