30 September, 2021 08:26:03 AM
ഒരു മാസത്തെ ആശുപത്രി വാസം അവസാനിക്കുന്നു; ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം വീട്ടിലേക്ക്
സാവോ പോളോ: വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്ത ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ സുഖം പ്രാപിക്കുന്നു. പെലെ എത്രയും പെട്ടെന്ന് ആശുപത്രി വിടുമെന്ന് മകള്‍ കെലി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. എന്നാല്‍ എന്ന് ആശുപത്രി വിടുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ഓഗസ്റ്റ് 31ന് പതിവ് വൈദ്യ പരിശോധനകള്‍ക്കായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് വിശദ പരിശോധനയിലാണ് വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തിയത്. സെപ്റ്റംബര്‍ നാലിന് 80-കാരനായ താരം ശസ്ത്രക്രിയക്ക് വിധേയനായി. തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു.
സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലാണ് പെലെ ശസ്ത്രക്രിയക്ക് വിധേയനായത്. ഒരു മാസത്തോളമായി നീണ്ട ആശുപത്രി വാസത്തിന് ശേഷം പെലെ വ്യാഴാഴ്ച ഡിസ്ചാര്‍ജ് ആകുമെന്ന് ബ്രസീലിയന്‍ മാധ്യമമായ എസ്റ്റാഡോ ഡി സാവോ പോളോ റിപ്പോര്‍ട്ട് ചെയ്യുന്നു.