29 September, 2021 06:48:12 PM


പുതിയ തട്ടകമായ പിഎസ്ജിയിലും ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് ലയണൽ മെസി



പാരീസ്​: പുതിയ തട്ടകമായ പിഎസ്​ജിയിലും ഗോൾവേട്ടക്ക് തുടക്കമിട്ട് ലയണൽ മെസി. ചാമ്പ്യൻസ്​ ലീഗിൽ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായിരുന്നു ഫ്രഞ്ച്​ ക്ലബിനായി മെസിയുടെ ആദ്യ ഗോൾ​. മത്സരത്തിൽ പി എസ്​ ജി സിറ്റിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക്​ തകർത്തു. ഇതോടെ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ്​ ലീഗ്​ സെമിയിലേറ്റ ​തോൽവിക്ക്​ പകരം വീട്ടാൻ പി എസ്​ ജിക്കായി.

പാർക്​ ഡി പ്രിൻസസിൽ നടന്ന മത്സരത്തിൽ ആക്രമിച്ച് കളിച്ചാണ് ഇരുടീമുകളും തുടങ്ങിയത്.എട്ടാം മിനിറ്റിൽ തന്നെ പി എസ് ജി ലീഡ്​ നേടി. ഇഡ്രിസാ ഗയേയാണ്​ പി എസ്​ ജിയെ മുന്നിലെത്തിച്ചത്​. താരത്തിന്‍റെ സീസണിലെ നാലാം ഗോളായിരുന്നു ഇത്​. ആദ്യ പകുതിയിൽ പി എസ്​ ജി 1-0ന്​ മുന്നിലായിരുന്നു. സമനില ഗോൾ നേടാനുള്ള ഒരവസരം പോലും സിറ്റിക്ക്​ അനുകൂലമാക്കി മാറ്റാൻ സാധിച്ചില്ല.

പി എസ്​ ജിയിൽ എത്തി മൂന്ന് കളികളിൽ ബൂട്ടണിഞ്ഞിട്ടും ഗോളോ അസിസ്റ്റോ സ്വന്തം പേരിൽ കുറിക്കാൻ മെസ്സിക്കായിരുന്നില്ല. ​ക്രോസ്​ബാറിൽ തട്ടി മടങ്ങു​ന്ന മെസ്സിയുടെ ഗോൾശ്രമങ്ങൾ നിരാശയോടെ ആരാധകർക്ക്​ നോക്കിനിൽക്കേണ്ടി വന്നു. 74ാം മിനിറ്റിലായിരുന്നു ആരാധകരുടെ സ്വപ്നം സഫലമായത്.

ഒറ്റക്ക്​ നടത്തിയ മുന്നേറ്റം മെസ്സി തന്നെ ഫിനിഷ്​ ചെയ്യുകയായിരുന്നു. മൈതാനത്തിന്‍റെ വലത്​ വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ മെസ്സി ബോക്​സിന്​ പുറത്ത്​ നിന്ന്​ നൽകിയ പാസ്​ ബോക്​സിനകത്തുണ്ടായിരുന്ന കിലിയൻ എംബാപ്പെ പുറംകാൽ കൊണ്ട്​ മെസ്സിക്ക്​ തന്നെ മടക്കി നൽകി. ഇടംകാൽ കൊണ്ട്​ വലയിലേക്ക്​ മെസി ചെത്തിയിടുകയായിരുന്നു.

ഇതോടെ തുടർച്ചയായി 17 ചാമ്പ്യൻസ്​ ലീഗ്​ സീസണുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡ്​ മെസി സ്വന്തമാക്കി. 16 സീസണുകളിൽ ഗോളടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസേമയുമാണ്​ പിന്നിൽ. ചാമ്പ്യൻസ്​ ലീഗിലെ മെസിയുടെ 121ാം ഗോളാണിത്​. ശേഷം റിയാദ്​ മെഹ്റസിലൂടെ അക്കൗണ്ട്​ തുറക്കാൻ സിറ്റിക്ക്​ അവസരം ലഭിച്ചെങ്കിലും സമനില പിടിക്കാൻ അവർക്കായില്ല.

രണ്ട്​ മത്സരങ്ങളിൽ നിന്ന്​ ഒരുജയവും സമനിലയുമടക്കം നാലുപോയിന്‍റുമായി പി.എസ്​.ജിയാണ്​ ഗ്രൂപ്പിൽ ഒന്നാമത്​. നാലുപോയിന്‍റ്​ തന്നെയുള്ള ക്ലബ്​ ബ്രൂജ്​ രണ്ടാമതാണ്​. മൂന്ന്​ പോയിന്‍റുമായി സിറ്റി മൂന്നാമതാണ്​.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K