11 June, 2016 12:18:45 PM
സ്പോര്‍ട്സ് കൗണ്‍സില്‍ പിരിച്ചുവിടാന്‍ നീക്കം; അഞ്ജുവിന്‍റെ സ്ഥാനം തെറിക്കും
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതിയെ പിരിച്ചുവിടാന്‍ നീക്കം. ഇതോടെ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിന്‍റെ പ്രസിഡന്‍റ് സ്ഥാനം തെറിച്ചേക്കും. അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെ നിലവിലുള്ള ഭരണസമിതി അംഗങ്ങള്‍ നോമിനേറ്റഡ് അംഗങ്ങളാണ്. ഇതിനുപകരം ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ മാസം അവസാനം നിയമസഭ കൂടുമ്പോള്‍ നിയമഭേദഗതി കൊണ്ടുവരാനാണ് നീക്കം.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അതലറ്റിക്സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ.പി.ജയരാജന്‍ മോശമായി സംസാരിച്ചതായി കഴിഞ്ഞദിവസം പരാതി ഉയര്‍ന്നിരുന്നു. അഞ്ജു അടക്കം സ്പോര്‍ട്സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയിരുന്നതായാണ് വാര്‍ത്ത വന്നത്.
ജയരാജന്റെ ഭീഷണിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അഞ്ജു പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രി ജയരാജനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ബംഗളുരുവില്‍ ജോലി ചെയ്യുന്ന അഞ്ജു സ്പോര്‍ട്സ് കൗണ്‍സിലില്‍ എത്തുന്നത് വല്ലപ്പോഴുമാണെന്നും വിമാന നിരക്കില്‍ നല്ലൊരു തുക ധൂര്‍ത്തടിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.