10 September, 2021 09:08:07 AM


പെലെയെ മറികടന്ന് മെസ്സി; കൂടുതൽ ഗോളുകൾ നേടുന്ന ലാറ്റിനമേരിക്കൻ താരം



ബ്യൂണസ് അയേഴ്സ്: ഫുട്‍ബോൾ കളത്തിലെ റെക്കോർഡുകൾ പലതും പേരിലാക്കിയ അർജന്റീനയുടെ സൂപ്പർ താരം മെസ്സി ഇതാ വീണ്ടുമൊരു റെക്കോർഡ് നേട്ടം കൂടി പേരിലാക്കിയിരിക്കുന്നു. അന്താരാഷ്ട്ര ഫുട്ബാളിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തം പേരിലാക്കിയത്.

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയക്കെതിരെ ഗോളുകൾ അടിച്ച് കൂട്ടിയതോടെയാണ് ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസ്സിക്ക് സ്വന്തമായത്. ഫുട്ബോള്‍ ഇതിഹാസമായ പെലെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് മെസ്സി തകർത്തത്. 77 ഗോളുകളായിരുന്നു പെലെ നേടിയിരുന്നത്.

ബൊളീവിയക്കെതിരായ മത്സരത്തിന് മുൻപ് മെസ്സി പെലെയുടെ റെക്കോർഡിന് ഒരു ഗോൾ പിന്നിലായിരുന്നു. മത്സരത്തിൽ ആദ്യ ഗോൾ നേടിയ മെസ്സി ഇതിഹാസ താരത്തിന്റെ റെക്കോർഡ് ഒപ്പമെത്തുകയും പിന്നീട് ഹാട്രിക് തികച്ച് റെക്കോർഡ് സ്വന്തം പേരിലാക്കുകയും ചെയ്യുകയായിരുന്നു.

മെസ്സി റെക്കോർഡ് നേട്ടം സ്വന്തമാക്കിയ മത്സരത്തിൽ ബൊളീവിയക്കെതിരെ അർജന്റീനയുടെ ജയം ആധികാരികമായിരുന്നു. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. മെസ്സിയുടെ ഹാട്രിക്കാണ് അർജന്റീനയുടെ ലോകകപ്പ് യോഗ്യതയിലേക്കുള്ള യാത്ര വീണ്ടും അനായാസമാക്കിയത്. 14, 64, 88 മിനിറ്റുകളിലായിരുന്നു അർജന്റീനയുടെ വിജയമുറപ്പിച്ച ഗോളുകൾ മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്നത്. അര്‍ജന്‍റീന ജഴ്സിയില്‍ ഇത് ഏഴാം തവണയാണ് മെസി ഹാട്രിക് സ്വന്തമാക്കുന്നത്. മെസ്സിയുടെ ഹാട്രിക് പ്രകടനത്തിൽ അർജന്റീന മിന്നിയപ്പോൾ ബൊളീവിയൻ താരങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.

ലോകകപ്പ് യോഗ്യതയുടെ ലാറ്റിൻ അമേരിക്കൻ റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ ബ്രസീൽ പെറുവിനെയും, പരാഗ്വായ് വെനസ്വേലയെയും കൊളംബിയ ചിലെയും പരാജയപ്പെടുത്തി. യോഗ്യതാ മത്സരത്തിൽ തുടരെ എട്ടാം മത്സരത്തിലും തോൽവി അറിയാതെ മുന്നേറിയ ബ്രസീൽ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാഗ്വായ് വെനസ്വേലയെയും കൊളംബിയ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ചിലെയും പരാജയപ്പെടുത്തി.

ലാറ്റിൻ അമേരിക്കൻ റൗണ്ടിൽ എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് ജയവുമായി 24 പോയിന്റോടെ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് ജയവുമായി 18 പോയിന്റോടെ അർജന്റീന രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 15 പോയിന്റോടെ ഉറുഗ്വെ മൂന്നാമതും ഇക്വഡോര്‍ നാലാമതും കൊളംബിയ അഞ്ചാമതും നിൽക്കുന്നു. ഇക്വഡോറിനും കൊളംബിയയ്ക്കും 13 പോയിന്റുകൾ വീതമാണുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K