06 September, 2021 07:47:17 AM
ഓവൽ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം
ലണ്ടൻ: ഓവൽ ടെസ്റ്റിൽ ഇന്ത്യക്കെതിരെ 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. നാലാം ദിനം കളി നിർത്തുമ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെടുത്തിട്ടുണ്ട്. റോറി ബേണ്‍സ് (31), ഹസീബ് ഹമീദ് (43) എന്നിവരാണ് ക്രീസില്‍. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് കളി പുനരാരംഭിക്കുമ്പോൾ ഇംഗ്ലണ്ടിന് ജയിക്കാൻ ഇനിയും 291 റൺസ് വേണം. മറുവശത്ത് ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും. ഇതോടെ ഓവലിലെ ടെസ്റ്റിന് ആവേശകരമായ ഒരു അവസാനത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
നേരത്തെ, ആദ്യ ഇന്നിങ്സിൽ തകർന്ന ഇന്ത്യൻ ബാറ്റിങ് നിരയുടെ ഉയിർത്തെഴുന്നേൽപ്പാണ് രണ്ടാം ഇന്നിങ്സിൽ കണ്ടത്. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 466 റൺസെടുത്ത് പുറത്തായി. രോഹിത് ശർമയുടെ സെഞ്ചുറി (127), ചേതേശ്വർ പൂജാര (61), ഋഷഭ് പന്ത് (50), ഷാർദുൽ ഠാക്കൂർ (60) എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളുമാണ് ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. ഇതിൽ പന്തിന്റെയും ഷാർദുലിന്റെയും അവസരോചിത ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്കോറും ഒപ്പം വമ്പൻ ലീഡും നേടിക്കൊടുത്തത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റും, ഒലി റോബിൻസൺ, മൊയീൻ അലി എന്നിവർ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
നേരത്തെ, 270/3 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ (17) വിക്കറ്റാണ് ആദ്യം നഷ്ടമായത്. എന്നാല്‍ ഈ സ്‌കോറിനോട് 14 റണ്‍സ് കൂട്ടിച്ചേര്‍ത്തയുടനെ ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. വോക്‌സിന്റെ പന്തില്‍ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെയെത്തിയ രഹാനെ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. വോക്‌സ് തന്നെയാണ് രഹാനെയും പുറത്താക്കിയത്. വിക്കറ്റിന് മുന്നിൽ കുരുങ്ങി, പൂജ്യത്തിനാണ് താരം പുറത്തായത്. ഇന്ത്യൻ ഇന്നിങ്സിൽ റൺ ഒന്നും എടുക്കാതെ പുറത്തായ ഏക താരവും രഹാനെ ആയിരുന്നു.
പിന്നാലെ കോഹ്‍ലിയെയും മടക്കി ഇംഗ്ലണ്ട് മേൽക്കൈ നേടിയെങ്കിലും പന്തും ഷാർദുലും ചേർന്ന് മത്സരം വീണ്ടും ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് കുറിച്ച 100 റൺസ് കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഒന്നാം ഇന്നിങ്സിലും ഇന്ത്യയെ തോളിലേറ്റി തകർത്തടിച്ച ഠാക്കൂർ തന്നെയായിരുന്നു കൂടുതല്‍ അപകടകാരി കേവലം 72 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെയാണ് താരം 60 റണ്‍സെടുത്തത്. അപ്പുറത്ത് പന്ത് തന്റെ പതിവ് ആക്രമണ ശൈലി മാറ്റിവെച്ച് ശ്രദ്ധയോടെ ബാറ്റേന്തി. നാല് ഫോര്‍ ഉള്‍പ്പെടെയാണ് പന്ത് 50 റൺസ് നേടിയത്.
അർധസെഞ്ചുറികൾ കുറിച്ചതിന് പിന്നാലെ തന്നെ ഇരുവരും മടങ്ങിയെങ്കിലും ഇന്ത്യൻ വാലറ്റം പോരാട്ടം ഏറ്റെടുക്കുകയായിരുന്നു. ക്രീസില്‍ ഒത്തുച്ചേര്‍ന്ന ജസ്പ്രീത് ബുമ്രയും (24) ഉമേഷ് യാദവും (25) ചേർന്ന് ഇംഗ്ലീഷ് ബൗളിങ്ങിനെ നിർഭയം നേരിടുകയായിരുന്നു. ഒമ്പതാം വിക്കറ്റിൽ 36 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. അവസാന വിക്കറ്റിൽ 16 റൺസും ചേർക്കാൻ ഇന്ത്യക്കായി. മുഹമ്മദ് സിറാജ് മൂന്ന് റൺസോടെ പുറത്താകാതെ നിന്നു. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ 99 റൺസിന്റെ ലീഡുമായി ഇംഗ്ലണ്ട് 290 റൺസും നേടിയിരുന്നു.