09 June, 2016 11:02:53 PM
കായിക മന്ത്രി തന്നെ യുഡിഎഫ് കാരിയാക്കി - അഞ്ജു ബോബി ജോര്‍ജ്
തിരുവനന്തപുരം: കായിക മന്ത്രി ഇ പി ജയരാജന്‍ തന്നെ യുഡിഎഫ് കാരിയാക്കിയെന്ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ലെന്നും ഒരു പാര്‍ട്ടിയ്ക്കുവേണ്ടിയും താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അഞ്ജു.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അദ്ധ്യക്ഷ എന്ന നിലയില്‍ ഒരുപാട് പ്രതീക്ഷകളുമായാണ് താന്‍ പുതിയ കായികമന്ത്രിയെ കാണാന്‍ എത്തിയതെന്ന് ഒരു മാധ്യമത്തോട് അഞ്ജു പറഞ്ഞു. സ്പോര്‍ട്സ് സ്കൂളുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചും പോരായ്മകളെ കുറിച്ചുമൊക്കെ സംസാരിക്കുമെന്നു കരുതി. ഇനി ഇതൊന്നും ഇല്ലെങ്കിലും തന്റെ പദവി അനുസരിച്ചുള്ള ഒരു നല്ല ഇടപെടല്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇതൊന്നും ആയിരുന്നില്ല അവിടെ സംഭവിച്ചത് എന്നുമാത്രമല്ല, തന്നെ പാര്‍ട്ടിക്കാരിയാക്കി ചിത്രീകരിച്ചാണ് മന്ത്രി സംസാരിച്ചതെന്നും അഞ്ജു പറഞ്ഞു.
മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്നും നല്ല സമീപനം മാത്രമാണ് സ്പോര്‍ട്സ് കൗണ്‍സിലിന് ഉണ്ടായിട്ടുള്ളത്. സ്പോര്‍ട്സ് കൗണ്‍സില്‍ അദ്ധ്യക്ഷ എന്ന നിലയില്‍ തന്നെ വിശ്വാസത്തിലെടുക്കുകയും തനിക്ക് പൂര്‍ണ്ണ സ്വാതന്ത്രം അനുവദിക്കുകയും ചെയ്തിരുന്നു. നിലവിലെ സ്ഥാനമാനങ്ങള്‍ താന്‍ ചോദിച്ചു വാങ്ങിയിട്ടുള്ളതല്ല, തന്നെ തേടിയെത്തിയിട്ടുള്ളതാണ്. അത്തരത്തിലുള്ള തന്നെ അഴിമതിക്കാരിയെന്ന് ആരോപിച്ച് ഒരു കായികമന്ത്രി തള്ളിക്കളയുമ്പോള്‍ ഒരുപാട് വേദനയുണ്ടെന്നും അഞ്ജു പറഞ്ഞു.
ഒരുപാട് ഇല്ലായ്മകളില്‍ നിന്നും വളര്‍ന്ന് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും യശ്ശസ് ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോഘട്ടത്തിലും ശ്രമിച്ചുകൊണ്ടിരിക്കുന്ന നിരവധി താരങ്ങളാണ് നമുക്കുള്ളത്. കായികമന്ത്രിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം താന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ പരാതികള്‍ മുഖ്യമന്ത്രിയ്ക്ക് ഏതു രീതിയില്‍ വേണമെങ്കിലും എടുക്കാമെന്നും മുഖ്യമന്ത്രി കൂടി അറിഞ്ഞിരിക്കണം എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തെ ഇക്കാര്യം ധരിപ്പിച്ചതെന്നും അഞ്ജു പറയുന്നു.