26 August, 2021 07:54:47 AM
ലീഡ്സിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക്; നിലയുറപ്പിച്ച് ബേണ്‍സും ഹമീദും
ലീഡ്സ്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിന്റെ സമ്പൂര്‍ണ ആധിപത്യം. ഇന്ത്യയെ വെറും 78 റൺസിന് ഒതുക്കിയ ഇംഗ്ലണ്ട് ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന ശക്തമായ നിലയിലാണ്. അർധസെഞ്ചുറിയുമായി ഓപ്പണർമാരായ ഹസീബ് ഹമീദും റോറി ബേൺസും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക് നീങ്ങുകയാണ്.
125 പന്തില്‍ നിന്ന് 52 റണ്‍സുമായി ബേണ്‍സും 130 പന്തില്‍ നിന്ന് 58 റണ്‍സുമായി ഹമീദും ക്രീസിലുണ്ട്. 10 വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിനിപ്പോള്‍ 42 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. നേരത്തെ, ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 78 റൺസിന് എല്ലാവരും പുറത്തായിയിരുന്നു. ജെയിംസ് ആൻഡേഴ്സന്റെ ബൗളിംഗ് ആക്രമണത്തിൽ ഇന്ത്യയുടെ മുൻനിര തകരുകയായിരുന്നു. രാഹുൽ പൂജ്യത്തിന് പുറത്തായപ്പോൾ പുജാര ഒരു റണ്ണിനും വിരാട് കോഹ്ലി ഏഴു റൺസുമായും മടങ്ങി.
54 പന്തിൽ നിന്ന് 18 റൺസുമായി രഹാനെ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ ഇന്ത്യക്ക് നാലു വിക്കറ്റുകൾ നഷ്ടമായി. ഒരു ഭാഗത്ത് വിക്കറ്റുകൾ വീണപ്പോൾ പിടിച്ച് നിന്ന രോഹിത് ശർമയെ ക്രെയ്ഗ് ഓവർട്ടൺ പുറത്താക്കിയതോടെ ടീം വീണ്ടും പതറി. 105 പന്തുകൾ നേരിട്ട് 19 റൺസെടുത്താണ് രോഹിത് ശർമ പുറത്തായത്.
ഋഷഭ് പന്ത് (2), രവീന്ദ്ര ജദേജ (4), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (0) എന്നിവർ എളുപ്പം മടങ്ങി. പത്താം വിക്കറ്റിൽ ഇഷാന്ത് ശർമയും സിറാജും ചേർന്ന് നേടിയ 11 റൺസാണ് സ്കോർ 78ൽ എത്തിച്ചത്. മൂന്ന് വിക്കറ്റ് വീതം പിഴുത ജെയിംസ് ആൻഡേഴ്സണും ക്രെയ്ഗ് ഓവർട്ടണും രണ്ട് വിക്കറ്റ് വീതമെടുത്ത ഒലി റോബിൻസണും സാം കറനുമാണ് ഇന്ത്യയെ കടപുഴക്കിയത്.