24 July, 2021 01:09:14 PM
ഒളിംപിക്‌സില്‍ ഇന്ത്യ അക്കൗണ്ട് തുറന്നു; ഭാരോദ്വഹനത്തില്‍ മീരാഭായിക്ക് വെള്ളി മെഡല്‍
ടോക്യോ: ഒളിംപിക്‌സില്‍ ഇന്‍ഡ്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ഇന്‍ഡ്യയ്ക്കായി വെള്ളി മെഡല്‍ നേടിയത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡല്‍ നേടിയത്. ഈ വിഭാഗത്തില്‍ ചൈനയുടെ ഷിഹൂയി ഹൗ ഒളിംപിക് റെകോഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. 202 കിലോയാണ് മീരാഭായി ഉയര്‍ത്തിയത്. ഇന്‍ഡോനീഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.
21 വര്‍ഷത്തിനു ശേഷമാണു ഭാരോദ്വഹനത്തില്‍ ഇന്‍ഡ്യയുടെ മെഡല്‍ നേട്ടം. 2000ലെ സിഡ്‌നി ഒളിംപിക്‌സില്‍ 69 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്‍ഡ്യന്‍ താരം ഭാരോദ്വഹനത്തില്‍ മെഡല്‍ നേട്ടത്തിലെത്തുന്നത്. പി വി സിന്ധുവിന് ശേഷം ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്‍ഡ്യന്‍ വനിതയാണ് മീരാഭായ് ചാനു. ഉത്തര കൊറിയ മത്സരത്തില്‍നിന്നു പിന്‍മാറിയതോടെ രണ്ടു താരങ്ങള്‍ ഒഴിവായപ്പോള്‍ ചാനുവിന്റെ ലോക റാങ്കിങ് നാലില്‍നിന്നു രണ്ടിലേക്കെത്തിയിരുന്നു.