12 July, 2021 09:03:56 AM
ഇംഗ്ലണ്ടിനെ കീഴടക്കി യൂറോ കപ്പിൽ മുത്തമിട്ട് ഇറ്റലി: നേട്ടം 1968-നുശേഷം ആദ്യം
വെംബ്ലി: യൂറോ കപ്പിൽ മുത്തമിട്ട് ഇറ്റലി. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2ന് ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഇറ്റാലിയൻ നേട്ടം. 1968-നുശേഷം ആദ്യമായാണ് ഇറ്റലി യൂറോ കപ്പിൽ മുത്തമിടുന്നത്. പെനാൽട്ടിയിൽ ഇറ്റലി ഗോൾ കീപ്പർ ജിയാൻലുയിഗി ഡോണറുമ്മയുടെ കരുത്തുറ്റ പ്രകടനമാണ് അസൂറിപ്പടയ്ക്ക് വിജയം നേടി കൊടുത്തത്. ഇതോടെ കന്നി യൂറോ കിരീടമെന്ന ഇംഗ്ലിഷ് പടയുടെ മോഹം വെംബ്ലിയിൽ തകർന്നടിഞ്ഞു.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പിടിച്ചശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്. നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാര്‍ഡോ ബൊനൂച്ചിയും സ്കോര്‍ ചെയ്തു. പെനാല്‍ട്ടിയില്‍ ഇറ്റലിയ്ക്കായി ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെസ്കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹാരി മഗ്വയറും ഹാരി കെയ്നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചത്. മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകള്‍ പാഴായി. ഇറ്റലിയുടെ ബെലോട്ടിയുടെ കിക്കും ലക്ഷ്യം കണ്ടില്ല.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് ലൂക്ക് ഷോയിലൂടെ ലീഡ് നേടിയിരുന്നു. ഇതിനുപിന്നാലെ പതറുന്നു ഇറ്റലിയെയാണ് കാണാൻ സാധിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഇറ്റലിയുടെ തിരിച്ചുവരവിനാണ് കളം ഒരുങ്ങിയത്. രണ്ടാം പകുതിയിൽ തുടരെ തുടരെ ഇംഗ്ലണ്ട് ഗോൾ മുഖത്തേയ്ക്ക് അസൂറിപ്പട ഇരച്ചുകയറി. 67-ാം മിനിറ്റിൽ അവർക്ക് നിർണായക സമനില ഗോൾ ലിയോണാര്‍ഡോ ബൊനൂച്ചി നേടി കൊടുത്തു.