24 June, 2021 02:13:54 AM
യുറോ കപ്പ്: സ്ലൊവാക്യയെ തകർത്ത് സ്പെയ്നും പോളണ്ടിനെ തകർത്ത് സ്വീഡനും പ്രീ ക്വാർട്ടറിൽ
സെവിയ്യ: യുറോ കപ്പ് ഗ്രൂപ്പ് ഇ-യിൽ ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് സ്ലൊവാക്യയെ തകർത്ത് സ്പെയ്ൻ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് സ്പെയ്ൻ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. അയ്മെറിക് ലാപോർട്ടെ, പാബ്ലോ സരാബിയ, ഫെറാൻ ടോറസ് എന്നിവർ സ്പെയ്നിനായി സ്കോർ ചെയ്തത്. മാർട്ടിൻ ദുബ്രാവ്ക, ജുറാജ് കുക്ക എന്നിവരുടെ സെൽഫ് ഗോളുകളും സ്പെയിന് തുണയായി.
ഗ്രൂപ്പ് ഇ-യിൽ നടന്ന മറ്റൊരു മത്സരത്തിൽ പോളണ്ടിനെ തകർത്ത് സ്വീഡൻ ഗ്രൂപ്പ് ചാന്പ്യൻമാരായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സ്വീഡന്റെ ജയം. മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു സ്വീഡന്റെ ജയം.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ എമിൽ ഫോർസ്ബെർഗിലൂടെ സ്വീഡൻ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചു. 59-ാം മിനിറ്റിൽ ഫോർസ്ബെർഗ് വീണ്ടും ലീഡ് ഉയർത്തി. തൊട്ടുപിന്നാലെ റോബർട്ട് ലെവൻഡോസ്കി പോളണ്ടിനായി ആദ്യ ഗോൾ നേടി. 84-ാം മിനിറ്റിൽ ലെവൻഡോസ്കി വീണ്ടും സ്വീഡന്റെ വല കുലുക്കി സമനില പിടിച്ചു. മത്സരത്തിന്റെ 93-ാം മിനിറ്റിലായിരുന്നു സ്വീഡന്റെ വിജയ ഗോൾ പിറന്നത്. വിക്ടർ ക്ലാസനാണ് സ്വീഡനായി വിജയഗോൾ സമ്മാനിച്ചത്.