16 June, 2021 02:22:53 AM
ചരിത്രമെഴുതി റൊണാൾഡോ; ഹംഗറിയുടെ വെല്ലുവിളി മറികടന്ന് പോർച്ചുഗൽ
പാരീസ്: യൂറോ കപ്പിൽ ഹംഗറി ഉയർത്തിയ വലിയ വെല്ലുവിളി മറികടന്ന് പോർച്ചുഗലിന് വിജയം. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പോർച്ചുഗൽ ജയിച്ചു. അവസാന മിനിറ്റുകളിലാണ് മൂന്നു ഗോളും പിറന്നത്. രണ്ടു ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ വിജയത്തിന്റെ ചുക്കാൻ പിടിച്ചു. സമനിലയിലേക്ക് നീങ്ങിയ മത്സരം റാഫേൽ ഗുറേറോയാണ് വഴിതിരിച്ച് വിട്ടത്. 84-ാം മിനിറ്റിൽ ഗുറേറോ ബോക്സിൽ നിന്ന് എടുത്ത ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ വലയിൽ കയറി.
പോർച്ചുഗൽ ലീഡ്എടുത്തതോടെ ഹംഗറി തകർന്നു. ഇതിനു പിന്നാലെ അവർ ഒരു പെനാൽറ്റിയും വഴങ്ങി. റാഫാ സില്‍വയെ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. കിക്കെടുത്ത റൊണാൾഡോയ്ക്ക് പിഴച്ചില്ല. പന്ത് വലയിൽ. ഇതിനു പിന്നാലെ ഇഞ്ചുറി ടൈമിൽ റൊണാൾഡോയുടെ വക മൂന്നാം ഗോളും വന്നു. റൊണാൾഡോയുടെ പോർച്ചുഗലിനായുള്ള 106-ാം ഗോളായിരുന്നു ഇത്. അഞ്ച് യൂറോ കപ്പിൽ കളിക്കുകയും അഞ്ചു യൂറോ കപ്പിൽ ഗോളടിക്കുകയും ചെയ്യുന്ന ആദ്യ താരമായി റൊണാൾഡോ ഇന്ന് മാറി.
ഗ്രൂപ്പ് എഫിൽ ജർമനി, ഫ്രാൻസ് ടീമുകൾക്കെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരങ്ങൾ.