11 June, 2021 01:30:49 PM
'ഇനി യൂറോ പൂരം'; ആദ്യമത്സരം ഇറ്റലിയും തുര്‍ക്കിയും തമ്മില്‍ രാത്രി 12.30ന്
റോം: ലോകകപ്പ് കഴിഞ്ഞാല്‍ ഫുട്‌ബോളില്‍ ഏറ്റവും പ്രാമുഖ്യമുള്ളതാണ് യൂറോപ്പിലെ രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന യൂറോ കപ്പ് ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് മഹാമാരി ഏല്‍പ്പിച്ച പ്രതിസന്ധി കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് റോമില്‍ തുടക്കമാകുന്ന ടൂര്‍ണമെന്റ് മൊത്തം 11 വേദികളില്‍ ആയാണ് നടക്കുന്നത്. ജൂലായ് 11ന് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍ മത്സരം നടക്കുക.
ഇന്ന് രാത്രി 12.30ന് റോമില്‍ നടക്കുന്ന ഇറ്റലി- തുര്‍ക്കി മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. ഇവരെ കൂടാതെ സ്വിറ്റ്‌സര്‍ലന്‍ഡ് വെയ്ല്‍സ് എന്നീ ടീമുകള്‍ കൂടി അണിനിരക്കുന്ന എ ഗ്രൂപ്പില്‍ മുന്‍തൂക്കം ഇറ്റലിക്ക് തന്നെയാണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ച് തുടങ്ങാന്‍ തന്നെയാകും അവര്‍ ലക്ഷ്യമിടുന്നത്. പക്ഷേ മറുവശത്ത് പുതുരക്തവുമായി വരുന്ന തുര്‍ക്കി ഇറ്റലിക്ക് വേണ്ടി എന്താകും കാത്ത് വച്ചിരിക്കുന്നത് എന്ന് കാത്തിരുന്ന് കാണാം. യൂറോപ്പിലെ ഏറ്റവും മികച്ച 24 ഫുട്‌ബോള്‍ രാജ്യങ്ങള്‍ വന്‍കരയിലെ ചാമ്പ്യന്മാരാകാന്‍ മത്സരിക്കുമ്പോള്‍ ഓരോ മിനുറ്റിലും ആവേശം അതിന്റെ പരകോടിയിലായിരിക്കുമെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
നിലവിലെ ചാമ്പ്യന്‍മാരുടെ പകിട്ടുമായെത്തുന്ന പോര്‍ച്ചുഗല്‍, ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ്, മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനി, ഇറ്റലി, സ്പെയിന്‍, നെതര്‍ലന്‍ഡ്സ്, കന്നിക്കിരീടം എന്ന ലക്ഷ്യത്തോടെ വരുന്ന ഇംഗ്ലണ്ട്, ലോക ഒന്നാം നമ്പര്‍ ടീമായ ബല്‍ജിയം എന്നിവരെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച ടീമുകളാണ്. ഇതില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നത് മരണ ഗ്രൂപ്പായ എഫിനെ കുറിച്ചാണ്. ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ എന്നീ ശക്തരായ ടീമുകള്‍ക്കൊപ്പം പെട്ടിരിക്കുകയാണ് ഹംഗറി ടീം.
യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന ഒട്ടുമിക്ക താരങ്ങള്‍ യൂറോയുടെ മാറ്റ്കൂട്ടുന്നു. ക്ലബ്ബ് ഫുട്‌ബോളില്‍ ഒരുമിച്ച് കളിക്കുന്ന താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന രസകരമായ പോരാട്ടങ്ങള്‍ക്ക് കൂടിയാണ് ഈ ടൂര്‍ണമെന്റ് സാക്ഷിയാകുക. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടം മുതല്‍ തന്നെ തീ പാറുന്ന പോരാട്ടങ്ങള്‍ അരങ്ങേറും. ഇതില്‍ മരണ ഗ്രൂപ്പുകളില്‍ പെടുന്ന ടീമുകളുടെ മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമായിരിക്കും. ഒന്നിലധികം രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ അതാത് രാജ്യങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്താകും കാണികള്‍ക്ക് പ്രവേശനം നല്‍കുക.
സോണി പിക്‌ചേഴ്‌സ് സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കാണ് ഇന്ത്യയില്‍ യൂറോ കപ്പ് സംപ്രേക്ഷണം ചെയ്യുന്നത്. മലയാളത്തിലടക്കം 6 വിവിധ ഭാഷകളില്‍ ഇന്ത്യയില്‍ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണമുണ്ടാകും. സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി സിക്‌സ്, സോണി ടെന്‍ 4 എന്നിവക്ക് പുറമേ സോണി ലൈവ് ആപ്പിലും ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത്തവണ യൂറോ കപ്പ് കാണാന്‍ സാധിക്കും.
യൂറോ കപ്പ് ഗ്രൂപ്പുകള്‍
ഗ്രൂപ്പ് എ - സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, ഇറ്റലി, വെയില്‍സ്
ഗ്രൂപ്പ് ബി - ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ബെല്‍ജിയം, റഷ്യ
ഗ്രൂപ്പ് സി - ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ്, വടക്കന്‍ മാസിഡോണിയ, യുക്രൈന്‍
ഗ്രൂപ്പ് ഡി - ചെക്ക് റിപ്പബ്ലിക്ക്, ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്‌കോട്‌ലന്‍ഡ്
ഗ്രൂപ്പ് ഇ - പോളണ്ട്, സ്ലൊവാക്യ, സ്‌പെയിന്‍, സ്വീഡന്‍
ഗ്രൂപ്പ് എഫ് - പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി