10 June, 2021 11:55:07 AM
ഇസ്രയേലിനെ തകർത്ത് റൊണാൾഡോയും കൂട്ടരും; താരം സർവകാല റെക്കോർഡിനരികെ
ലിസ്ബണ്‍: യൂറോ കപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇസ്രയേലിനെതിരെ ഗംഭീര വിജയമാണ് റൊണാൾഡോയും കൂട്ടരും നേടിയത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പറങ്കിപ്പട ഇസ്രയേലിനെ തകർത്ത്‌വിട്ടത്. ബ്രൂണോ ഫെർണാണ്ടസ് (42, 90+1), റൊണാൾഡോ (44), ജാവോ കാൻസലോ (86) എന്നിരാണ് പോർച്ചുഗലിനായി ഗോളുകൾ നേടിയതിനേടിയത്. രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ബ്രൂണോ ഫെർണാണ്ടസ് ആണ് കളിയിലെ കേമൻ.
മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്‌സിയിൽ ക്ലബ്ബ് ഫുടബോളിൽ തകർപ്പൻ പ്രകടനം നടത്തുന്ന താരം അതേ പ്രകടനം തന്റെ ദേശീയ ടീമിന്റെ ജേഴ്സിയിലും പകർന്നാടുന്നതാണ് കാണാൻ കഴിഞ്ഞത്. മത്സരത്തിലെ 42ആം മിനുട്ടിലാണ് ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെയാണ് പോർച്ചുഗൽ കളിയിൽ മുന്നിലെത്തിയത്. ആദ്യ ഗോൾ നേടിയതിനു പിന്നാലെ ആക്രമിച്ചു കളിച്ച അവർക്ക് വീണ്ടുമൊരു ഗോൾ നേടാൻ അധിക സമയം വേണ്ടി വന്നില്ല. രണ്ട് മിനുട്ടുകൾക്കുള്ളിൽ സൂപ്പർ താരം റൊണാൾഡോയാണ് പോർച്ചുഗലിന്റെ രണ്ടാം ഗോൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസ് ഒരുക്കിയ അവസരത്തിൽ നിന്നുമാണ് സൂപ്പർ താരം ഗോൾ നേടിയത്.
രണ്ട് ഗോളുകളുടെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച പോർച്ചുഗൽ രണ്ടാം പകുതിയിൽ നേരത്തെ നിർത്തിയിടത്ത് നിന്ന് തന്നെയാണ് തുടങ്ങിയത്. തുടർ മുന്നേറ്റങ്ങളുടെ വന്ന പോർച്ചുഗൽ നിറയെ തടയാൻ ഇസ്രയേൽ പ്രതിരോധം നന്നേ പാടുപെട്ടു. മറുവശത്ത് പോർച്ചുഗീസ് ഗോൾമുഖത്ത് അപകടം സൃഷ്ട്ടിക്കാൻ ഇസ്രായേലി താരങ്ങൾക്ക് കഴിഞ്ഞതുമില്ല. തുടരെ നടത്തിയ ആക്രമണങ്ങളുടെ ഫലം പോർച്ചുഗലിന് 86ആം മിനുട്ടിലാണ് കിട്ടിയത്. കാൻസലോ നേടിയ ഗോളിലൂടെ ലീഡ് മൂന്നാക്കിയ അവർ കളിയുടെ അധിക സമയത്ത് ബ്രൂണോ ഫെർണാണ്ടസ് നേടിയ മനോഹര ഗോളിൽ ഇസ്രയേലിന്റെ കഥ കഴിച്ചു.
ടീമിലെ പ്രധാന താരങ്ങൾ എല്ലാം ഫോമിൽ ആണെന്നുള്ളത് പരിശീലകനായ ഫെർണാണ്ടോ സാന്റോസിനു ആശ്വാസം നല്കുന്നുണ്ടാകും. കാരണം ടൂർണമെന്റിലെ മരണ ഗ്രൂപ്പുകളിൽ ഒന്നിലാണ് പോർച്ചുഗൽ ഉൾപ്പെട്ടിരിക്കുന്നത്. ഫ്രാൻസ്, ജർമനി എന്നീ ലോകകപ്പ് ചാമ്പ്യന്മാർക്ക് ഒപ്പമാണ് നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിന്റെ സ്ഥാനം. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തി മുന്നേറിയാൽ മാത്രമേ ടീമിന് കിരീടം നിലനിർത്തുക എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകൂ. ഗ്രൂപ്പിലെ ദുര്ബലരായി കണക്കാക്കപ്പെടുന്ന ഹംഗറിക്കെതിരെയാണ് യൂറോയിൽ പോർച്ചുഗലിന്റെ ആദ്യത്തെ മത്സരം.