27 May, 2021 06:43:46 AM
യൂറോ കപ്പിനുള്ള ഹോളണ്ട് ടീമിൽ ലിവർപൂൾ പ്രതിരോധ താരം വാൻ ഡൈക്ക് ഇല്ല
ആംസ്റ്റർഡാം: യൂറോ കപ്പിനുള്ള ഹോളണ്ട് ടീമിൽ ലിവർപൂൾ പ്രതിരോധ താരം വാൻ ഡൈക്ക് ഇല്ല. പരുക്കിനെ തുടർന്നാണ് താരത്തിന് ടീമിൽ ഇടം ലഭിക്കാതെ പോയത്. സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ വാൻ ഡൈക്കിൻ്റെ അഭാവം ഹോളണ്ടിന് കനത്ത തിരിച്ചടിയാണ്. വാൻ ഡൈക്ക് തന്നെയാണ് ദേശീയ ടീം ക്യാപ്റ്റൻ. ഫ്രഞ്ച് ലീഗ് 1 കിരീടം നേടിയ ലില്ലെയിലെ താരം സ്വെൻ ബോട്മാനും ഇടം ലഭിച്ചില്ല.
ഡച്ച് ലീഗിൽ നിന്നുള്ള 10 താരങ്ങളെ കൂടാതെ, ബാഴ്സ താരം ഫ്രാങ്കി ഡി യോങ്, വാൻ ഡൈക്കിൻ്റെ ലിവർപൂൾ സഹതാരം ജോർജിഞ്ഞോ വെയ്നാൾഡം, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വാൻ ഡ ബീക്ക് തുടങ്ങിയവരൊക്കെ ടീമിലുണ്ട്. ജൂൺ 2ന് സ്കോട്ലൻഡുമായി സൗഹൃദമത്സരം കളിക്കുന്ന ഹോളണ്ട് 6ആം തിയതി ജോർജിയയുമായി ഒരു സൗഹൃദ മത്സരം കൂടി കളിക്കും. ജൂൺ 13 ഉക്രൈനെതിരായ മത്സരത്തോടെയാണ് ഹോളണ്ടിൻ്റെ യൂറോ കപ്പ് ക്യാമ്പയിൻ ആരംഭിക്കുക. 17ന് ഓസ്ട്രിയക്കെതിരെയും 21ന് നോർത്ത് മാസഡോണിയക്കെതിരെയും ഹോളണ്ടിന് മത്സരങ്ങളുണ്ട്.