24 May, 2021 02:20:35 PM
ജീവിതം വഴിമുട്ടി; ദേശീയ ഫുട്ബോൾ താരം ഇഷ്ടിക ചൂളയിൽ ദിവസവേതനക്കാരിയായി
ധന്‍ബാദ്: ഒരിക്കൽ അണ്ടർ 18 വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ദേശീയ ഫുട്ബോൾ താരം ഇന്ന് ഇഷ്ടിക ചൂളയിൽ ദിവസ വേതനക്കാരി. സീനിയർ ടീമിൽ സ്ഥിര അംഗമായിരുന്ന ഝാർഖണ്ഡിലെ സംഗീത കുമാരിയാണ് ഉപജീവനം വഴിമുട്ടി ഇഷ്ടികചൂളയിൽ പണിയെടുക്കുന്നത്. ധൻബാദിലെ ബാഗ്മാര ബ്ലോക്കിലെ സ്വന്തം ഗ്രാമമായ ബാൻസ്മുരി ഗ്രാമത്തിൽ ഒരു ഇഷ്ടിക ചൂളയിലാണ് ഇരുപതുകാരിയായ സംഗീത ജോലി ചെയ്യുന്നത്.
കൊവിഡ് ഒന്നാം തരംഗം പിടിമുറുക്കിയ കഴിഞ്ഞ വർഷം ധൻബാദ് ഫുട്ബോൾ അസോസിയേഷൻ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് നൽകി സഹായിച്ചിരുന്നു. ഈ വർഷം അതും നിലച്ചതോടെയാണ് പട്ടിണി മാറ്റാൻ വേണ്ടി സംഗീത ഇഷ്ടിക ചൂളയിൽ ജോലിക്ക് പോയത്. രോഗിയും അന്ധനും കേൾവിക്കുറവുമുള്ള പിതാവിന് സ്ഥിരമായി മരുന്നുകൾ വാങ്ങാനും വീട്ടുചെലവുകള്‍ക്കും ദിവസ വേതന തൊഴിലാളിയായ സഹോദരന്‍റെ തുച്ഛമായ വരുമാനം കൊണ്ട് തികയാതെ വന്നതോടെയാണ് സംഗീത ഇഷ്ടിക ചൂളയിലേക്കിറങ്ങിയത്.
ഭൂട്ടാനിലെ അണ്ടർ 18 ടീമിലും തായ്‌ലൻഡിലെ അണ്ടർ 19 ടീമിലും 2018 ൽ അഭിമാനകരമായി വിജയിച്ചതിനെ തുടർന്നാണ് സംഗീത പ്രശസ്തി നേടിയത്. കഴിഞ്ഞ വർഷം ദേശീയ ടീമിൽ വിളിക്കപ്പെട്ടു, എന്നാൽ ലോക്ക്ഡൗൺ മൂലം മത്സര ടൂർണമെന്‍റുകൾ നിർത്തലാക്കിയതിനെ തുടർന്ന് കുടംബത്തിനെ പോറ്റാനായി ഇഷ്ടികച്ചൂളയിലേക്ക് ഇറങ്ങുകയായിരുന്നു സംഗീത.
"സംഗീത ശരിക്കും കഠിനാധ്വാനിയും അർപ്പണബോധമുള്ളവളുമാണ്, അവളുടെ ഗെയിം തുടരാൻ ചില സാമ്പത്തിക സഹായങ്ങൾ ആവശ്യമാണ്. സംസ്ഥാനത്ത് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ അവരുടെ പിന്തുണയുമായി മുന്നോട്ട് വരണം, "ധൻബാദ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി എം.ഡി. ഫയാസ് അഹ്മന്ദ് പറഞ്ഞു.
സംഗീതയുടെ പരിതാപാവസ്ഥ ലോകത്തെ അറിയിച്ച് കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ ട്വിറ്ററിൽ എത്തിയിരുന്നു. കഠിന പ്രയത്‌നവും നേട്ടങ്ങളും കൊണ്ട് ഝാർഖണ്ഡിനെ ലോകത്തോളം ഉയർത്തിയ താരമാണ് സംഗീതയെന്നും ഇപ്പോൾ ജീവിതം വഴിമുട്ടി ഇഷ്ടികക്കളത്തിലുമാണെന്നായിരുന്നു ചെയർമാൻ രേഖ ശർമയുടെ ട്വീറ്റ്. ഇതിന് പിറകെ താരത്തെ അടിയന്തരമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഝാർഖണ്ഡ് സർക്കാറിന് രേഖ ശർമ കത്തെഴുതുകയും ചെയ്തു.