02 June, 2016 12:36:58 AM
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് : വാവ്റിങ്കയും മുറെയും സെമിയില്‍
പാരീസ്: ബ്രിട്ടന്റെ ആന്‍ഡി മുറെയും സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്കയും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം സെമിയിലെത്തി. റിച്ചാര്‍ഡ് ഗാസ്കെയെ ഒന്നിനെതിരെ നാലു സെറ്റുകളില്‍ കീഴടക്കിയാണ് മുറെ സെമിയിലെത്തിയത്. സ്കോര്‍ 5-7, 7-6, 6-0, 6-2. റാമോസ് വിനോലാസിനെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് വാവ്റിങ്ക സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. സ്കോര്‍ 6-2, 6-1, 7-6. മഴ പലതവണ മത്സരങ്ങള്‍ തടസപ്പെടുത്തിയതോട പല മത്സരങ്ങളും പൂര്‍ത്തിയാക്കാനായില്ല.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്ബര്‍ താരം സെറീന വില്യംസ് ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഉക്രൈന്‍താരം എലീന സ്വിറ്റോലിനയെയാണ് സെറീന നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നത്.
സ്കോര്‍ 6-1, 6-1. അതേസമയം, വീനസ് വില്യംസ് നാലാം റൗണ്ടില്‍ പുറത്തായി. സ്വിസ് താരം ബാസിന്‍സ്കിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് വീനസിനെ തോല്‍പിച്ചത്. മാഡിസണ്‍ കീസിനെ തോല്‍പിച്ച് ഡച്ച് താരം കികി ബെര്‍ട്ടന്‍സും ക്വാര്‍ട്ടറിലെത്തി. പുരുഷന്‍മാരില്‍ ലോക ഒന്നാം നമ്ബര്‍ നൊവാക് ജോകോവിച്ചും തോമസ് ബെര്‍ഡിച്ചും തമ്മിലാണ് ക്വാര്‍ട്ടര്‍ പോരാട്ടം.
മിക്സഡ് ഡബിള്‍സില്‍ രണ്ടാം സീഡായ ഇന്ത്യയുടെ സാനിയാ മിര്‍സ ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗ് സഖ്യം ക്വാര്‍ട്ടറിലെത്തി. വാശിയേറിയ പോരാട്ടത്തില്‍ അലീസ് കോര്‍നറ്റ്- ജൊനാഥന്‍ എസറിക് സഖ്യത്തെയാണ് സാനിയാ സഖ്യം മറികടന്നത്. സ്കോര്‍:6-7 (6-8) 6-4 10-8. അതേസമയം പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- റുമാനിയയുടെ ഫ്ലോറിന്‍ മെര്‍ഗിയ സഖ്യവും ലിയാന്‍ഡര്‍ പേസ്-പോളണ്ടിന്റെ മാര്‍കിന്‍ മറ്റ്കോവിസ്കി സഖ്യവും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.