30 May, 2016 12:35:24 AM
ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് മീറ്റ് ; അഞ്ചാം തവണയും കേരളത്തിന് കിരീടം
മലപ്പുറം: സ്വന്തംമണ്ണില്‍ വിരുന്നെത്തിയ പതിമൂന്നാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് കിരീടം. മേളയുടെ രണ്ടു ദിനങ്ങളിലും രണ്ടാംസ്‌ഥാനത്തായിരുന്നു കേരളം. അവസാന ദിനം പെണ്‍കരുത്തിലാണ് കിരീടത്തിലേക്ക് ഫിനിഷ് ചെയ്‌തത്. മീറ്റില്‍ പിറന്ന മൂന്നു ദേശീയ റെക്കോഡുകളില്‍ രണ്ടും 10 മീറ്റ് റെക്കോഡുകളില്‍ നാലും കേരള താരങ്ങളുടേതാണ്.
ആതിഥേയരായ കേരളം 156 പോയന്‍റോടെയാണ് കിരീടമണിഞ്ഞത്. രണ്ടാംസ്‌ഥാനത്തുള്ള തമിഴ്‌നാടിന് 114 പോയന്റാണ് ലഭിച്ചത്. 95 പോയിന്റുമായി ഹരിയാന മൂന്നാം സ്‌ഥാനവും നേടി. തേഞ്ഞിപ്പലത്ത് കലിക്കറ്റ് സര്‍വകലാശാല മൈതാനത്ത് ട്രാക്കിലും ഫീല്‍ഡിലും കേരളത്തിന്റെ പെണ്‍താരങ്ങള്‍ പട നയിച്ചപ്പോള്‍ ഒട്ടുമിക്ക മത്സരങ്ങളിലും കേരളത്തിന്റെ പൂര്‍ണാധിപത്യമായിരുന്നു. ഇന്നലെ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടിലും 400 മീറ്ററിലും കേരളം മീറ്റ് റെക്കോഡിട്ടു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇക്കുറിയും എതിരില്ലാതെ കേരളം തന്നെ കപ്പുയര്‍ത്തി. കേരളം 104 പോയന്റുമായി ഒന്നാംസ്‌ഥാനം നേടിയപ്പോള്‍ രണ്ടാംസ്‌ഥാനത്തുള്ള തമിഴ്‌നാടിന് 62പോയന്റുകള്‍ മാത്രമാണുള്ളത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയാണ് ചാമ്പ്യന്‍മാര്‍. മീറ്റിലെ മികച്ച അത്‌ലറ്റുകളായി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ ലോംഗ് ജെമ്പ് താരം എം. ശ്രീശങ്കരിനേയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ താരം 400 മീറ്ററില്‍ റെക്കോഡ് കുറിച്ച ജസ്‌ന മാത്യുവിനേയും തെരഞ്ഞെടുത്തു.
പോള്‍വാള്‍ട്ടില്‍ കണ്ണൂരിന്റെ നിവ്യ ആന്റണി 3.31 മീറ്റര്‍ ചാടി മീറ്റ് റെക്കോഡിട്ടു. കേരളത്തിന്റെ തന്നെ മായ ജയ്‌സണിന്റെ 3.20 എന്ന റെക്കോഡാണ് തിരുത്തപ്പെട്ടത്. 400 മീറ്റര്‍ ഓട്ടത്തില്‍ കണ്ണൂരിന്റെ ജിസ്‌ന മാത്യു മീറ്റ് റെക്കോഡിട്ടു. 53.88 സെക്കന്‍ഡില്‍ ഓടിയെത്തിയ ജിസ്‌ന കര്‍ണാടകത്തിന്റെ എം പൂവമ്മ ഒമ്പതുവര്‍ഷം മുമ്പ് കുറിച്ച 54.70 എന്ന റെക്കോഡാണ് തിരുത്തിയത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 400 മീറ്റര്‍ ഹര്‍ഡില്‍സ്, പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട്, 1000 മീറ്റര്‍ മെഡ്‌ലി റിലേ, 400 മീറ്റര്‍ ഓട്ടം എന്നിവയില്‍ കേരളം സ്വര്‍ണം നേടി.
1000 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കേരളത്തിന്റെ പെണ്‍സംഘം സ്വര്‍ണം നേടി. മൃദുല മരിയ ബാബു, കെ എം നിബ, എസ് അര്‍ഷിദ, അബിഗേല്‍ ആരോഗ്യനാഥന്‍ എന്നിവരാണ് റിലേ ജേതാക്കള്‍. കേരളം സ്വര്‍ണമുറപ്പിച്ചിരുന്ന പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേയില്‍ ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യു സ്വര്‍ണം നേടി. രണ്ടാം സ്‌ഥാനവും കേരളത്തിനു തന്നെ - കണ്ണൂരിന്റെ ലിനറ്റ് ജോര്‍ജ്. 800 മീറ്ററില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി മത്സരിച്ച മലയാളി താരം ആബിത മരിയ മാനുവലും സ്വര്‍ണം നേടി.
പതിവായി സ്വര്‍ണം നേടിയിരുന്ന പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ ഇത്തവണ കേരളത്തിന് സ്വര്‍ണം നഷ്‌ടമായി. ഒന്നാംസ്‌ഥാനം തമിഴ്‌നാടിന്റെ പ്രിയദര്‍ശിനി കരസ്ഥമാക്കി. കോട്ടയത്തിന്റെ ആല്‍ഫി ലൂക്കോസ് രണ്ടാം സഥാനവും കോഴിക്കോടിന്റെ ലിസ്‌ബത്ത് കരോലിന്‍ ജോസഫ് മൂന്നാം സ്‌ഥാനവും രുഗ്മ ഉദയന്‍ നാലാം സ്‌ഥാനവും നേടി.