23 April, 2021 07:53:14 PM
ദക്ഷിണാഫ്രിക്കൻ താരം റസ്സി വാൻഡർ ഡസൻ രാജസ്ഥാൻ റോയൽസിലേക്കെന്ന് റിപ്പോർട്ട്
ജയ്പൂർ: വിദേശ താരങ്ങളുടെ അഭാവം ബുദ്ധിമുട്ടിക്കുന്ന രാജസ്ഥാൻ റോയൽസിലേക്ക് ദക്ഷിണാഫ്രിക്കൻ താരം റസ്സി വാൻഡർ ഡസൻ എത്തുന്നു എന്ന് റിപ്പോർട്ട്. ഫിറ്റ്നസ് ടെസ്റ്റിൽ പാസായിക്കഴിഞ്ഞാൽ താരം ഫ്രാഞ്ചൈസിക്കൊപ്പം ചേരുമെന്നാണ് വിവരം. എന്നാൽ, രാജസ്ഥാൻ റോയൽസ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഫിറ്റ്നസ് ടെസ്റ്റ് പാസായിക്കഴിഞ്ഞാൽ ഫ്രാഞ്ചൈസി വിവരം പുറത്തുവിട്ടേക്കും.
സർജറിയെ തുടർന്ന് ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. താരം ഏത് മത്സരം മുതൽ കളിക്കുമെന്നും വ്യക്തതയില്ല. കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസ് ബൗളിംഗ് വിഭാഗത്തെ നയിച്ച ആർച്ചറുടെ അഭാവം ഈ സീസണിൽ ടീമിന് കനത്ത തിരിച്ചടി ആയിട്ടുണ്ട്. ആർച്ചർക്ക് പിന്നാലെ, പരുക്കേറ്റ ഓൾറൗണ്ടർ ബെൻ സ്റ്റോക്സും ടീം വിട്ടു. സ്റ്റോക്സിനെപ്പോലൊരു മാച്ച് വിന്നറുടെ അഭാവത്തിൽ നിന്ന് മുക്തി നേടുന്നതിനു മുൻപ് ഓസീസ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റണും നാട്ടിലേക്ക് മടങ്ങി. ബയോ ബബിളിലെ ജീവിതം ദുഷ്കരമാവുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് താരം ടീം വിട്ടത്. ഒരു മത്സരം പോലും കളിച്ചിരുന്നില്ലെങ്കിലും ലിവിങ്സ്റ്റണിൻ്റെ പോക്ക് രാജസ്ഥാനെ വീണ്ടും സമ്മർദ്ദത്തിലാക്കി. നിലവിൽ ബാക്കപ്പ് വിദേശ താരമായി രാജസ്ഥാനിലുള്ളത് ആന്ദ്രൂ തൈ മാത്രമാണ്. ബാറ്റ്സ്മാന്മാരിൽ ആർക്കെങ്കിലും പരുക്കേറ്റാൽ ടീം കോമ്പിനേഷൻ തന്നെ തകരും.
ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ നാണം കെട്ട തോൽവി വഴങ്ങിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് 10 വിക്കറ്റിനാണ് വിജയിച്ചത്. രാജസ്ഥാൻ മുന്നോട്ടുവച്ച 178 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ബാംഗ്ലൂർ മറികടക്കുകയായിരുന്നു. ബാംഗ്ലൂരിനു വേണ്ടി ദേവ്ദത്ത് പടിക്കൽ (101) തകർപ്പൻ സെഞ്ചുറി നേടി ടോപ്പ് സ്കോററായി. വിരാട് കോലി (72) റൺസെടുത്ത് പുറത്താവാതെ നിന്നു.