26 May, 2016 12:18:26 PM
ദേശീയ യൂത്ത് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ സ്വർണം
കോഴിക്കോട് : പതിമൂന്നാമത് ദേശീയ യൂത്ത് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ സ്വർണം. പെൺകുട്ടികളുടെ 3000 മീറ്റർ ഒാട്ടത്തിൽ കേരളത്തിന്‍റെ അനുമോൾ തമ്പിയാണ് സ്വർണം നേടിയത്.
ആൺകുട്ടികളുടെ 3000 മീറ്റർ ഒാട്ടത്തിൽ തമിഴ്നാടിന്‍റെ ബഹാദൂർ പട്ടേൽ സ്വർണം നേടി. ഈ ഇനത്തിൽ മത്സരിച്ച കേരളത്തിന്‍റെ പി.എൻ അജിത്ത് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
മീറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 4.30ന് നടക്കും. കഴിഞ്ഞ വർഷം ഗോവയിൽ നടന്ന ദേശീയ യൂത്ത് അത് ലറ്റിക് മീറ്റിൽ കേരളം 156 പോയിന്‍റ് നേടിയിരുന്നു.
ശനിയാഴ്ച വരെ നീളുന്ന മേളയില്‍ രാജ്യത്തെ 24 സംസ്ഥാനങ്ങളില്‍നിന്നായി 612 കായിക താരങ്ങള്‍ പങ്കെടുക്കും. കാലിക്കറ്റ് സര്‍വകലാശാലയിലെ സിന്തറ്റിക് ട്രാക്കില്‍ ആദ്യമായി നടക്കുന്ന മേളയില്‍ 18 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പങ്കെടുക്കുന്നത്.
42 ഇനങ്ങളിലായാണ് മത്സരം. രാവിലെ 6.30 മുതല്‍ 11.00 വരെയും ഉച്ചക്കുശേഷം 2.30മുതല്‍ 6.00 വരെയുമാണ് മത്സരങ്ങള്‍. കടുത്ത ചൂട് കണക്കിലെടുത്ത് നട്ടുച്ച വേളയില്‍ മത്സരമില്ല. ഇതാദ്യമായി ലക്ഷദ്വീപില്‍നിന്നുള്ള കായികതാരങ്ങളും പങ്കെടുക്കുന്നുണ്ട്. പഞ്ചാബ്, ഗുജറാത്ത്, ഛത്തിസ്ഗഢ്, ഹരിയാന എന്നിവിടങ്ങളിലെ താരങ്ങള്‍ ചൊവ്വാഴ്ചയത്തെി. നിലവിലെ ചാമ്പ്യന്മാരായ കേരള ടീമംഗങ്ങള്‍ ബുധനാഴ്ചയെത്തി. ടീമംഗങ്ങള്‍ക്ക് പരിശീലന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ ആദ്യമായാണ് ദേശീയ യൂത്ത് അതലറ്റിക്സ് മീറ്റ് നടക്കുന്നത്. ജില്ലാ അതലറ്റിക്സ് അസോസിയേഷനാണ് മുഖ്യ സംഘാടകര്‍. കായിക താരങ്ങള്‍ക്കു പുറമെ 200 ഒഫീഷ്യലുകളും മീറ്റില്‍ പങ്കെടുക്കും. ആണ്‍കുട്ടികള്‍ക്ക് കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലും പെണ്‍കുട്ടികള്‍ക്ക് തേഞ്ഞിപ്പലം സെന്‍റ് പോള്‍സ് സ്കൂളിലും ഒഫീഷ്യലുകള്‍ക്ക് സര്‍വകലാശാലാ ഗെസ്റ്റ്ഹൗസിലുമാണ് താമസമൊരുക്കിയിരിക്കുന്നത്. താമസം, ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.