24 February, 2021 02:17:47 PM
വിജയ് ഹസാരെ ട്രോഫി: ഉത്തപ്പക്ക് രണ്ടാം സെഞ്ച്വറി; കേരളത്തിന് കൂറ്റൻ സ്‌കോർ
ബംഗളുരു: വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരേ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍.കേരളത്തിനായി സെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണര്‍മാരുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു.
സീസണിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഉത്തപ്പയുടേത്.104 പന്തുകള്‍ നേരിട്ട ഉത്തപ്പ അഞ്ചു സിക്‌സും എട്ട് ഫോറുമടക്കം 100 റണ്‍സെടുത്തു. 107 പന്തുകള്‍ നേരിട്ട വിഷ്ണു നാലു സിക്‌സും അഞ്ചു ഫോറുമടക്കം 107 റണ്‍സ് സ്വന്തമാക്കി. മൂന്നാം ജയമാണ് കേരളത്തിന്‍റെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരെ സെഞ്ചുറി നേടിയ ഉത്തപ്പ(85 പന്തില്‍ 107), രണ്ടാം മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ 55 പന്തില്‍ 81 റണ്‍സ് നേടിയിരുന്നു.
ഉത്തപ്പയുടെ ഇന്നിംഗ്സുകൾക്ക് പുറമെ ഫോമിലുള്ള എസ് ശ്രീശാന്തിന്‍റേയും ക്യാപ്റ്റൻ സച്ചിൻ ബേബി, സഞ്ജു സാംസൺ, ജലജ് സക്സേന തുടങ്ങിയവരുടെ പ്രകടനവും കേരള നിരയിൽ നിർണായകമാവും. റെയിൽവേസും ആദ്യ രണ്ട് കളിയിലും ജയിച്ചു. എട്ട് പോയിന്റ് വീതമാണെങ്കിലും ഗ്രൂപ്പിൽ റൺ ശരാശരിയിൽ റെയിൽവേസ് ഒന്നും കേരളം രണ്ടും സ്ഥാനങ്ങളിലാണ്.