22 February, 2021 05:58:41 PM


ശ്രീശാന്തിന് അഞ്ച് വിക്കറ്റ് നേട്ടം; യുപിക്കെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി കേരളം



ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കരുത്തരായ ഉത്തര്‍ പ്രദേശിനെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കേരളത്തിന്‍റെ കുതിപ്പ്. ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ രണ്ടാം വിജയമാണിത്. ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 284 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത കേരളം ഏഴു പന്തും മൂന്നു വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ശ്രീശാന്തും അര്‍ദ്ധസെഞ്ച്വറി നേടിയ റോബിന്‍ ഉത്തപ്പ, സച്ചിന്‍ ബേബി എന്നിവരുടെ മികവുമാണ് കേരളത്തിന് ജയം സമ്മാനിച്ചത്.


വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ ഒഡീഷയ്ക്കെതിരെ സെഞ്ച്വറി നേടിയ റോബിന്‍ ഉത്തപ്പ മിന്നുന്ന ഫോം തുടര്‍ന്നതോടെ ഉത്തര്‍പ്രദേശ് ബോളര്‍മാര്‍ക്കെതിരെ കേരളം സമ്ബൂര്‍ണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. വിഷ്ണു വിനോദിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം റോബിന്‍ ഉത്തപ്പയും സഞ്ജു സാംസണും രണ്ടാം വിക്കറ്റില്‍ 104 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 55 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയാണ് ഇന്ന് കേരളത്തിന്‍റെ ബാറ്റിങ് നിരയില്‍ നെടുംതൂണായത്. ഉത്തപ്പ എട്ടു ഫോറും നാലു സിക്സറുമാണ് നേടിയത്.


ഉത്തപ്പ പുറത്തായി രണ്ട് പന്തുകള്‍ക്ക് ശേഷം സഞ്ജുവിനെ(29) നഷ്ടമായപ്പോള്‍ കേരളം ഒന്നിന് 122 എന്ന ശക്തമായ നിലയില്‍ നിന്ന് മൂന്നിന് 122 എന്ന നിലയില്‍ അല്‍പ്പമൊന്ന് പതറിു. എന്നാല്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും വത്സല്‍ ഗോവിന്ദും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്നതോടെ കേരളം വീണ്ടും ശരിയായ ട്രാക്കിലെത്തി. ഈ സഖ്യം 71 റണ്‍സ് നേടി കേരളത്തെ സുരക്ഷിതമായി ലക്ഷ്യത്തിലേക്ക് നയിച്ചു. എന്നാല്‍ വത്സലിനെയും(30) മുഹമ്മദ് അസ്ഹറുദ്ദീനെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായത് കേരളത്തിന് വീണ്ടും തിരിച്ചടിയായി.


ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ജലജ് സക്സേന അവസരത്തിനൊത്ത് ഉയര്‍ന്നതോടെ കേരളം വിജയ തീരത്തേക്ക് അടുത്തു. എന്നാല്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റ് 48-ാം ഓവറില്‍ നഷ്ടമായപ്പോള്‍ കേരളം ഏഴിന് 270 റണ്‍സ് എന്ന നിലയിലായിരുന്നു. തുടര്‍ന്നെത്തിയ എം. ഡി നിധീഷ് ഒരു സിക്സറും ഒരു ഫോറും ഉള്‍പ്പടെ ആറു പന്തില്‍ 13 റണ്‍സെടുത്ത് കേരളത്തിന്‍റെ ജയം ഉറപ്പാക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K