19 February, 2021 05:47:48 AM
സെറീനയെ കരയിപ്പിച്ച് ഒസാക്ക; ''പിഴച്ച ദിവസം'' എന്നു വിതുമ്പി മുന്‍ ലോക ഒന്നാം നമ്പര്‍ താരം
മെല്‍ബണ്‍: യു.എസിന്റെ സെറീന വില്യംസിന്റെ 24-ാം ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്‌നം ഓസ്‌ട്രേലിയയിലും സഫലമായില്ല. വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ ജപ്പാന്റെ യുവ താരം നവോമി ഒസാക്ക സെറീനയെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 6-4.
മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍സ്ലാമുകളെന്ന റെക്കോഡിനൊപ്പമെത്താനുള്ള സെറീനയുടെ ശ്രമം 2017 ല്‍ തുടങ്ങിയതാണ്. അന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവായി സെറീന 23 ഗ്രാന്‍സ്ലാമുകള്‍ സ്വന്തമാക്കി. ഗര്‍ഭിണിയായിരിക്കേയായിരുന്നു സെറീനയുടെ കിരീട നേട്ടം. മകള്‍ അലക്‌സിസ് ജനിച്ച ശേഷം സെറീന നാല് ഗ്രാന്‍സ്ലാമുകളില്‍ റണ്ണര്‍ അപ്പായി. ''പിഴച്ച ദിവസം'' എന്നു തോല്‍വിയെക്കുറിച്ച് സെറീന വിതുമ്പലോടെ ഒറ്റവാക്കില്‍ വ്യക്‌തമാക്കി. മത്സരത്തിനു ശേഷമുള്ള പതിവ് പത്രസമ്മേളനത്തിനും സെറീന നിന്നില്ല. മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇതുവരെ എട്ട് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നേടി.
39 വയസുകാരിയായ സെറീനയ്‌ക്ക് ഒസാക്കയുടെ വിന്നറുകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. സെറീനയെ തോല്‍പ്പിച്ചതിന് ഒസാക്കയ്‌ക്കു മറ്റൊരു കഥയാണു പറയാനുള്ളത്. പുരുഷ സിംഗിള്‍സില്‍ ഗ്രീക്കുകാരന്‍ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് മുന്‍ ചാമ്പ്യന്‍ സ്‌പെയിന്റെ റാഫേല്‍ നദാലിനെ അട്ടിമറിച്ചിരുന്നു. ജാപ്പനീസ് ഭക്ഷണം കഴിച്ചിരുന്ന താന്‍ സിറ്റ്‌സിപാസിന്റെ ജയത്തോടെ ഗ്രീക്ക് ഭക്ഷണത്തിലേക്കു മാറി, അതോടെയാണു സെറീനയെ നേരിടാനുള്ള ശക്‌തി കിട്ടിയെന്നും തമാശ രൂപേണ ഒസാക്ക പറഞ്ഞു.
കാരോലിന മുചോവയെ 6-4, 3-6, 6-4 എന്ന സ്‌കോറിനു തോല്‍പ്പിച്ച യു.എസിന്റെ ജെന്നിഫര്‍ ബ്രാഡിയാണ് ഒസാക്കയെ ഫൈനലില്‍ നേരിടുക. പുരുഷ സിംഗിള്‍സില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഫൈനലില്‍ കടന്നു. റഷ്യയുടെ ക്വാളിഫയര്‍ അസ്ലാന്‍ കാരാറ്റ്‌സേവിനെയാണു ജോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-4, 6-2. മൂന്നാം റൗണ്ടിനിടെ അടിവയറിനേറ്റ പരുക്കു വകവയ്‌ക്കാതെയാണു ജോക്കോവിച്ച് ഫൈനല്‍ വരെയെത്തിയത്. ജോക്കോയുടെ 28-ാം ഗ്രാന്‍സ്ലാം ഫൈനലാണിത്.