21 May, 2016 11:10:30 PM
ഒളിമ്പിക്‌സ് യോഗ്യത നേടാനാകാതെ ഇന്ത്യന്‍ വനിതാ ബോക്‌സര്‍ മേരികോം
കസാഖിസ്ഥാന്‍: അഞ്ച് വട്ടം ലോകചാമ്പ്യയായ ഇന്ത്യന്‍ വനിതാ ബോക്‌സര്‍ മേരി കോം റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു. കസാഖിസ്ഥാനില്‍ നടന്ന വനിതാ ലോക ബാക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായതോടെയാണ് മേരി കോമിന്റെ ഒളിമ്പിക്‌സ് സ്വപ്‌നങ്ങള്‍ക്ക് വിരാമമായത്. മേരി കോമിന്റെ അസാന്നിധ്യം ഒളിമ്പിക്‌സില്‍ ഉറപ്പായ ഒരു മെഡലാണ് ഇന്ത്യയ്ക്ക് നഷ്ടമാക്കിയിരിക്കുന്നത്.
ജര്‍മനിയുടെ അസീസ നിമാനിയാണ് ലോകചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ മേരിയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 2-0. ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ എത്തിയിരുന്നെങ്കില്‍ മേരികോമിന് യോഗ്യത നേടാനാകുമായിരുന്നു. മത്സരത്തില്‍ മികച്ച ആക്രമണത്തോടെ തുടങ്ങിയ മേരിയ്ക്ക് പിന്നീട് കാലിടറുന്ന കാഴ്ചയാണ് കണ്ടത്. ഒളിമ്പിക്‌സില്‍ വനിതകളുടെ 51, 60, 75, കിലോവിഭാഗങ്ങളിലേക്ക് നടക്കുന്ന അവസാന യോഗ്യതാ മത്സരമാണ് ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്.
ഒളിമ്പിക്‌സില്‍ വനിതകളുടെ 51 കിലോഗ്രാം വിഭഗത്തിലാണ് മേരികോം മത്സരിക്കുന്നത്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേത്രിയാണ് മണിപ്പൂരുകാരിയായ മേരികോം. മേരികോമിന്റെ പരാജയം ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘത്തിനാകെ ചെറുതല്ലാത്ത ആഘാതമാകും ഏല്‍പ്പിക്കുക. ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സ് ഈ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ് ആരംഭിക്കുക.