21 May, 2016 07:17:03 PM
റിയോ ഒളിമ്പിക്സിൽ 4.5 ലക്ഷം ഗർഭ നിരോധ ഉറകൾ വിതരണം ചെയ്യും
ബ്രസീലിയ: 2016 റിയോ ഒളിമ്പിക്സിൽ 4,50,000 ഗർഭ നിരോധ ഉറകൾ വിതരണം ചെയ്യുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി വ്യക്തമാക്കി. നാലുവർഷം മുമ്പ് നടന്ന ലണ്ടൻ ഒളിമ്പിക്സിൽ വിതരണം ചെയ്ത ഗർഭ നിരോധ ഉറകളെക്കാൾ മൂന്നു മടങ്ങ് വലുതാണിത്. സ്ത്രീകൾക്കായി 1,00,000 ഉറകളും പുരുഷന്മാർക്ക് 3,50,000 ഉറകളുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക.
ഗർഭ നിരോധ ഉറകൾ ഒളിമ്പിക്സ് വില്ലേജിൽ സൗജന്യമായി ലഭിക്കും.10,500 അതലറ്റുകളടക്കമുള്ളവർ പങ്കെടുക്കുന്ന ഒളിമ്പിക്സിൽ സുരക്ഷിത ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഗർഭ നിരോധ ഉറകളുടെ വിതരണമെന്ന് ഐ.ഒ.സി വ്യക്തമാക്കി. ആഗസ്റ്റ് 5നാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്.
അതേസമയം ബ്രസീലിൽ പൊട്ടിപ്പുറപ്പെട്ട സിക വൈറസുമായി ബന്ധപ്പെട്ട ആശങ്കയാണോ ഒളിമ്പിക് അധികൃതർ ഇത്ര കൂടുതൽ ഉറകള്‍ വിതരണം ചെയ്യുന്നതിന് പിന്നിലെന്നും സംശയിക്കുന്നു. സിക വൈറസ് ലൈംഗികബന്ധത്തിലൂടെ പകരുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അസോസിയേറ്റഡ് പ്രസ് ഇക്കാര്യം ഇമെയിലിൽ ഐ.ഒ.സി അധികൃതരോട് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
ഡെങ്കിപ്പനിക്കും ചികന്‍ഗുനിയക്കും കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. മുതിര്‍ന്നവരില്‍ നാഡികളെ ബാധിക്കുന്ന ഗില്ലന്‍ബാരിക്കും ഗര്‍ഭിണികളില്‍ ബാധിച്ചാല്‍ ഗുരുതരമായ ജനനവൈകല്യമുള്ള കുഞ്ഞിന്‍െറ പിറവിക്കും വൈറസ് കാരണമാകും. കുഞ്ഞുങ്ങളുടെ തലയോട്ടി ചുരുങ്ങിയിരിക്കുന്ന മൈക്രോഫാലി എന്ന അവസ്ഥക്ക് ഇത് കാരണമാകും.