07 February, 2021 12:27:02 PM
'ജോസിന്‍റെ കിക്ക് കാപ്പന്‍റെ പോസ്റ്റിലേക്ക്'; കളിക്കളത്തിൽ കൈ കൊടുത്ത് ജോസും കാപ്പനും
- സുനില്‍ പാലാ
പാലാ: കളിക്കളത്തിലെ ഗോള്‍ പോസ്റ്റില്‍ ഗോളിയായിരുന്ന മാണി സി. കാപ്പന്‍ എം.എല്‍.എ , മുന്‍ എം.പി ജോസ് കെ. മാണി തൊടുത്തു വിട്ട പന്ത് ആദ്യം തടഞ്ഞിട്ടു. പിന്നീട് തടസ്സമൊഴിവാക്കി കാപ്പന്‍ മാറിയ ഗോള്‍പോസ്റ്റിലേക്ക് ജോസ് കെ. മാണി ഉശിരന്‍ ഗോളടിച്ചു! ജോസ് കെ. മാണിയുടെ വാശി കണ്ടപ്പോള്‍ ''ഇതെല്ലാം ഞങ്ങള്‍ തമ്മിലുള്ള ഒരു അഡ്ജസ്റ്റ്‌മെന്‍റല്ലേ..'' മാണി സി. കാപ്പന്‍ ഉറക്കെ പറഞ്ഞു. കൂട്ടുചേര്‍ന്ന് കാണികളുടെ കയ്യടി, പൊട്ടിച്ചിരിയും!
ഇന്നലെ വൈകിട്ട് പാലാ കാര്‍മ്മല്‍ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ഫുട്‌ബോള്‍ കളി മൈതാനിയുടെ ഉദ്ഘാടന വേദിയായിരുന്നു രംഗം. മാണി സി. കാപ്പന്‍ നാട മുറിച്ച് കളിക്കളത്തിലേക്കിറങ്ങി. ഒപ്പം ജോസ് കെ. മാണിയും പാലാ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയും കൗണ്‍സിലര്‍മാരായ അഡ്വ. ബിനു പുളിക്കക്കണ്ടവും നീനാ ചെറുവള്ളിലും ബൈജു കൊല്ലംപറമ്പിലും മൈതാനിയിലേക്കിറങ്ങി. സ്റ്റേഡിയത്തില്‍ ഭദ്രദീപം തെളിയിച്ചത് ജോസ് കെ. മാണിയാണ്. തുടര്‍ന്ന് ആദ്യ കിക്കോഫ് നടത്തേണ്ടിയിരുന്നത് നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കരയായിരുന്നു.
എന്നാല്‍ മാണി സി. കാപ്പന്‍ പെട്ടെന്ന് പ്രോഗ്രാമില്‍ മാറ്റം വരുത്തി; ഞാന്‍ ഗോള്‍പോസ്റ്റില്‍ ഗോളിയായി നില്‍ക്കാം. നഗരസഭാ ചെയര്‍മാന്‍ കിക്കെടുക്കട്ടെ എന്നായി കാപ്പന്‍. അങ്ങനെയെങ്കില്‍ മുന്‍ എം.പി ജോസ് കെ. മാണി തന്നെ ആദ്യ കിക്കെടുക്കണമെന്നായി പരിപാടിയിലെ അവതാരകനായിരുന്ന നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍.
ഇതുകേട്ടയുടന്‍ ഞാന്‍ റെഡിയെന്നു പറഞ്ഞ് ജോസ് കെ. മാണി മുന്നോട്ടു വന്നു. പെനാല്‍റ്റി ഏരിയായ്ക്ക് സമീപം പന്തുവച്ചു. കാപ്പന്‍ ഗോളിയായി നിന്നു. ജോസ് കെ. മാണി ആഞ്ഞു തൊഴിച്ചു. പന്ത് കൃത്യം കാപ്പന്റെ കയ്യില്‍. കാണികളുടെ ആര്‍പ്പുവിളിക്കിടെ പന്ത് വീണ്ടും ജോസ് കെ. മാണിക്ക് ഇട്ടുകൊടുത്ത് മാണി സി. കാപ്പന്‍ ഗോള്‍പോസ്റ്റില്‍ നിന്ന് മാറി. ഞൊടിയിടയില്‍ ജോസ് കെ. മാണി വീണ്ടും കിക്ക് ചെയ്തു. ഇത്തവണ പന്ത് കൃത്യം ഗോള്‍പോസ്റ്റില്‍! 'ഓക്കെ.. ജോമോന്‍ ഗോളടിച്ചല്ലോ. ഇനി ഞാന്‍ പൊയ്‌ക്കോട്ടെ. കാപ്പന്‍ മൈതാനത്തുനിന്ന് യാത്ര പറഞ്ഞിറങ്ങി. തൊട്ടുപിന്നാലെ ജോസ് കെ. മാണിയും മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേ ക്കരയും കൗണ്‍സിലര്‍മാരുമൊക്കെ കളമൊഴിഞ്ഞു.
എല്ലാവരും യാത്രപറഞ്ഞിറങ്ങവെ, നഗരസഭാ കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്‍റെ കമന്‍റ് അല്പം ഉച്ചത്തിലായി; ''തിരഞ്ഞെടുപ്പില്‍ ഉടന്‍ വരുന്ന കളിയുടെ റിഹേഴ്‌സലാണോ ഇത്...!'' ചടങ്ങില്‍ ഫാ. മാത്യു പന്തലാനിക്കല്‍, സിബി തോട്ടുപുറം, യൂജിന്‍ ചക്കന്‍കുളം എന്നിവരും ആശംസകള്‍ നേര്‍ന്നു.