14 May, 2016 06:56:56 AM


പെലെയുടെയും മുഹമ്മദ് അസ്ഹറുദ്ദീനെയും ജീവിതകഥ വെള്ളിത്തിരയില്‍


ദില്ലി: കളിക്കളത്തിലെ രണ്ട് ചരിത്രനായകരുടെ ജീവിതകഥ പറയുന്ന സിനിമകള്‍ വെള്ളിത്തിരയില്‍. ലോക ഫുട്ബാളിനെ പതിറ്റാണ്ടിലേറെ കാല്‍ക്കീഴിലാക്കിയ ബ്രസീലിയന്‍ ഇതിഹാസം പെലെയെക്കുറിച്ചും കാലങ്ങളോളം ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ അമരസ്ഥാനം വഹിക്കുകയും കോഴയാരോപണത്തില്‍ പുറത്തുപോകുകയും ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനെയും കുറിച്ചുള്ള സിനിമകളാണ് ഒരേ ദിവസം പുറത്തിറങ്ങുന്നത്.

പെലെ; ബെര്‍ത് ഓഫ് ലെജന്‍ഡ് എന്നാണ് പെലെയുടെ ജീവിതകഥ പറയുന്ന ഹോളിവുഡ് സിനിമയുടെ പേര്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഇന്ത്യന്‍ സംഗീത വിസ്മയം എ.ആര്‍. റഹ്മാനാണ്. 2014 ബ്രസീല്‍ ലോകകപ്പിന് അനുബന്ധിച്ച് പുറത്തിറക്കാനാണ് അണിയറ ശില്‍പികള്‍ പദ്ധതിയിട്ടിരുന്നതെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് വൈകുകയായിരുന്നു. പെലെയുടെ കുട്ടിക്കാലവും കളിജീവിതവുമാണ് സിനിമക്ക് ഇതിവൃത്തമാകുന്നത്. അമേരിക്കക്കാരായ ജെഫ് സിംബാലിസ്റ്റും മിഖായേല്‍ സിംബാലിസ്റ്റുമാണ് ചിത്രം രചിച്ചതും സംവിധാനം ചെയ്തതും. ബ്രസീലുകാരന്‍ കെവിന്‍ ഡി പൗലോയാണ് പെലെയായി വേഷമിടുന്നത്. 

കോഴയാരോപണത്തില്‍ ക്രൂശിക്കപ്പെടുകയും പിന്നീട് കുറ്റമുക്തനാകുകയും ചെയ്ത ഇന്ത്യന്‍ ക്രിക്കറ്ററാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. ആരോപണത്തിന് വിലയായി അസ്ഹറുദ്ദീന് നല്‍കേണ്ടിവന്നത് സ്വന്തം കളിജീവിതവും അപൂര്‍വമായ റെക്കോഡുകളും. സംഭവബഹുലമായ അസ്ഹറുദ്ദീന്‍െറ ജീവിതം വെള്ളിത്തിരയിലത്തെിക്കുന്നത് സംവിധായകന്‍ ടോണി ഡി സൂസ. അസ്ഹര്‍ എന്ന പേരില്‍ ബോളിവുഡിലാണ് സിനിമയിറങ്ങുന്നത്. കളിജീവിതത്തിനുശേഷമുള്ള അസ്ഹറിന്‍െറ രാഷ്ട്രീയപ്രവേശവും വ്യക്തിജീവിതത്തിലെ മുഹൂര്‍ത്തങ്ങളും ഇതിവൃത്തത്തില്‍ ഉള്‍പ്പെടും. ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായ ഇംറാന്‍ ഹശ്മിയാണ് അസ്ഹറുദ്ദീനായി വേഷമിടുന്നത്. രജത് അറോറയാണ് രചന.

മറ്റൊരു ഇതിഹാസം സചിന്‍ ടെണ്ടുല്‍കറുടെ ജീവിതം പറയുന്ന സചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമ പണിപ്പുരയിലാണ്. ഹോളിവുഡില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ സചിനും അഭിനയിക്കുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ ജീവിതവും വെള്ളിത്തിരയില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 16നാണ് പുറത്തിറങ്ങും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K