14 May, 2016 06:32:58 AM


പ്ളേഓഫ് സാധ്യതകള്‍ക്ക് തിരിച്ചടി ; പഞ്ചാബിനെതിരെ മുംബൈയ്ക്ക് 7 വിക്കറ്റ് തോല്‍വി



വിശാഖപട്ടണം: നിലവിലെ ചാമ്പ്യന്മാരായ  മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് കിങ്സ് ഇലവന്‍ പഞ്ചാബ് അട്ടിമറിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തപ്പോള്‍ പഞ്ചാബ് 17 ഓവറില്‍ അനായാസം ലക്ഷ്യത്തിലത്തെി. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മുരളി വിജയ് (54), വൃദ്ധിമാന്‍ സാഹ(56) എന്നിവരുടെ കരുത്തിലാണ് പഞ്ചാബ് വിജയം പിടിച്ചെടുത്തത്. 

അപ്രതീക്ഷിതമായിരുന്നു മുംബൈയുടെ തകര്‍ച്ച. നേരത്തെ, നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാലു പേരെ പുറത്താക്കിയ മാര്‍കസ് സ്റ്റോയിനിസാണ് മുംബൈയെ തകര്‍ത്തത്. സന്ദീപ് ശര്‍മ, മോഹിത് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ബോര്‍ഡ് 10 കടക്കും മുമ്പേ പാര്‍ഥിവ് പട്ടേലിനു പകരം ഓപണ്‍ ചെയ്യാനത്തെിയ ഉന്മുക്ത് ചന്ദ്, അമ്പാട്ടി റായുഡു എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ വെളിയിലായി. 

36ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വീണത് മുംബൈക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പിന്നീട് ചെറുത്തു നിന്ന നിതീഷ് റാണ(25), ജോസ് ബട്ലര്‍ (9) എന്നിവരും വീണതോടെ പ്രതീക്ഷ പൊള്ളാര്‍ഡില്‍ മാത്രമായി. കൃണാല്‍ പാണ്ഡ്യയെ(19) കൂട്ടുപിടിച്ച് പൊള്ളാര്‍ഡ്(27) നടത്തിയ ആക്രമണമാണ് മുംബൈയെ 100 കടത്തിയത്. 

സന്ദീപ് നാലോവറില്‍ 13 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മുംബൈയുടെ ഹര്‍ഭജന്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.ഒന്നും നഷ്ടപ്പെടാനില്ലാതെ ഇറങ്ങിയ പഞ്ചാബ് മുംബൈയെ വരിഞ്ഞുമുറുക്കുകയായിരുന്നു. തോല്‍വിയോടെ മുംബൈ ആറു വീതം ജയവും തോല്‍വിയുമായി പട്ടികയില്‍ അഞ്ചാമതാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K