21 September, 2020 10:31:50 PM
അരങ്ങേറ്റം തകർത്തു..! ആർസിബിക്കായി വെടിക്കെട്ട് പ്രകടനവുമായി മലയാളി താരം ദേവ്ദത്ത് പടിക്കൽ
ദുബായ്: ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മലയാളി താരം ദേവ്ദത്ത് പടിക്കൽ. റോയൽ ചലഞ്ചേഴ്സിനായി ഐപിഎലിൽ അരങ്ങേറ്റം നടത്തിയ ഇരുപതുകാരനായ ദേവദത്ത് 42 പന്തിൽ എട്ട് ഫോറിന്റെ അടന്പടിയോടെ 56 റണ്‍സ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റണ്‍സ് നേടി.
ദേവദത്തിനെ കൂടാതെ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്യേഴ്സും (30 പന്തിൽ നാല് ഫോറും രണ്ട് സിക്സും അടക്കം 51) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. മലപ്പുറം എടപ്പാളിൽ ജനിച്ച ദേവ്ദത്ത് കർണാടകയ്ക്കുവേണ്ടിയാണ് ആഭ്യന്തര മത്സരങ്ങളിൽ കളിക്കാറുള്ളത്. ഇടംകൈ ബാറ്റ്സ്മാനായ ദേവ്ദത്ത് പടിക്കലും ഓസീസ് താരം ആരോണ്‍ ഫിഞ്ചും ചേർന്നാണ് റോയൽ ചലഞ്ചേഴ്സിന്റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.