11 May, 2016 11:17:49 PM


സൂപ്പര്‍ ജയന്റ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് 4 റണ്‍സ് ജയം



വിശാഖപട്ടണം: ഐ.പി.എല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുനെ സൂപ്പര്‍ ജയന്റ്‌സിന്‌ തോല്‍വി.  ചരിത്രത്തിലെ മികച്ച രണ്ടാമത്തെ ബൗളിങ്‌ പ്രകടനവുമായി ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപ തിളങ്ങിയിട്ടും ഇന്നലെ വിശാഖപട്ടണത്തു നടന്ന മത്സരത്തില്‍ നാലു റണ്‍സിന് പുനെ തോല്‍വി സമ്മതിച്ചു.

ടോസ്‌ നേടി ആദ്യം ബാറ്റു ചെയ്‌ത സണ്‍റൈസേഴ്‌സിന്‌ നിശ്‌ചിത 20 ഓവറില്‍ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 137 റണ്‍സ്‌ നേടാനേ കഴിഞ്ഞുള്ളു. നാലോവറില്‍ വെറും 19 റണ്‍സ്‌ വഴങ്ങി ആറു വിക്കറ്റ്‌ വീഴ്‌ത്തിയ സാംപയാണ്‌ സണ്‍റൈസേഴ്‌സിനെ തകര്‍ത്തത്‌. ഐ.പി.എല്‍. ആദ്യ സീസണില്‍ 14 റണ്‍സ്‌ വഴങ്ങി ആറു വിക്കറ്റ്‌ വീഴ്‌ത്തിയ പാകിസ്‌താന്‍ പേസര്‍ സൊഹൈല്‍ തന്‍വീറിനു ശേഷം അഞ്ചിലധികം വിക്കറ്റ്‌ നേടുന്ന ആദ്യ ബൗളറാണ്‌ സാംപ. സാംപയുടെ സ്‌പിന്നിനു മുന്നില്‍ സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്മാര്‍ മുട്ടുമടക്കിയപ്പോള്‍ 27 പന്തില്‍ നിന്ന്‌ 33 റണ്‍സ്‌ നേടിയ ശിഖര്‍ ധവാനാണ്‌ അവരുടെ ടോപ്‌സ്കോററായത്‌.

32 റണ്‍സ്‌ നേടിയ കെയ്‌ന്‍ വില്യംസണ്‍, 23 റണ്‍സ്‌ നേടിയ യുവ്രാജ്‌ സിങ്‌, 14 റണ്‍സ്‌ നേടിയ ദീപക്‌ ഹൂഡ എന്നിവരാണ്‌ മറ്റു സ്‌കോറര്‍മാര്‍. ഡേവിഡ്‌ വാര്‍ണര്‍(11), മോയിസസ്‌ ഹെന്‍റിക്വസ്‌(10) എന്നിവരാണ്‌ ഹൈദരാബാദ്‌ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. പുനെയ്‌ക്കു വേണ്ടി ആര്‍.പി. സിങ്‌, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീഴ്‌ത്തി. തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ പുനെയ്‌ക്ക് തുടക്കം തന്നെ പിഴച്ചു. ഫോമിലുള്ള ഓപ്പണര്‍ അജിന്‍ക്യ രഹാനെ റണ്ണെടുക്കാതെ മടങ്ങിയതോടെ അവരുടെ ചേസിങ്‌ പിഴച്ചു. 34 റണ്‍സുമായി ജോര്‍ജ്‌ ബെയ്‌ലിയും 30 റണ്‍സുമായി നായകന്‍ മഹേന്ദ്ര സിങ്‌ ധോണിയും പൊരുതിയെങ്കിലും സണ്‍റൈസേഴ്‌സിനെ തടയാന്‍ അതുമതിയാകമായിരുന്നില്ല. രവിചന്ദ്രന്‍ അശ്വിന്‍ 29 റണ്‍സ്‌ നേടി. നാലോവറില്‍ 29 റണ്‍സ്‌ വഴങ്ങി മൂന്നു വിക്കറ്റ്‌ നേടിയ ആശിഷ്‌ നെഹ്‌റയാണ്‌ പുനെയെ പിടിച്ചുകെട്ടിയത്‌.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K