13 September, 2020 11:58:35 AM
യുഎസ് ഓപ്പണ്‍ കിരീടം നവോമി ഒസാക്കയ്ക്ക്; കളിച്ച മൂന്ന് ഗ്രാന്റ് സ്ലാം ഫൈനലിലും ജയം
ന്യൂയോർക്ക്: ആവേശകരമായ പോരാട്ടത്തിനൊടുവിൽ യുഎസ് ഓപ്പണ്‍ കിരീടം നാലാം സീഡ് ആയ ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക്. ഫൈനലിൽ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് വിക്ടോറിയ അസരങ്കക്ക് എതിരെ 22കാരിയായ ഒസാക്ക ജയം കണ്ടത്. കരിയറിലെ മൂന്നാം ഗ്രാന്റ് സ്ലാം കിരീടവും രണ്ടാം യുഎസ് ഓപ്പണ്‍ കിരീടവും ആണ് ഒസാക്കയ്ക്ക് ഇത്. കളിച്ച മൂന്ന് ഗ്രാന്റ് സ്ലാം ഫൈനലിലും ജയം കാണാൻ താരത്തിന് ആയി. അതേസമയം യുഎസ് ഓപ്പണ്‍ ഫൈനലിൽ മൂന്നാം തവണയാണ് അസരങ്ക പരാജയത്തിന്റെ കയ്പുനീർ കുടിക്കുന്നത്. നേരത്തെ, സിൻസിനാറ്റി ഫൈനലിൽ പരിക്കേറ്റു പുറത്ത് പോയി അസരങ്കക്ക് മുന്പിൽ കിരീടം കൈവിടേണ്ടി വന്ന ഒസാക്കക്ക് ഈ കിരീടനേട്ടം മധുര പ്രതികാരം കൂടി ആയി.
ആദ്യ സെറ്റിൽ ഒസാക്കയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്താണ് അസരങ്ക തുടങ്ങിയത്. ആ സെറ്റ് 6-1 നു അസരങ്ക 26 മിനിറ്റിനുള്ളിൽ സ്വന്തമാക്കി. രണ്ടാം സെറ്റിലും തുടക്കത്തിൽ അസരങ്കയ്ക്കായിരുന്നു മുന്നേറ്റം. എന്നാൽ പതുക്കെ മത്സരത്തിൽ താളം കണ്ടത്തിയ ഒസാക്ക പിന്നീട് അസരങ്കയ്ക്ക് ഒരു അവസരവും നൽകിയില്ല. രണ്ടാം സെറ്റ് 6-3ന് സ്വന്തമാക്കി ഒസാക്ക അസരങ്കയ്ക്ക് ഒപ്പമെത്തി. മൂന്നാം സെറ്റും രണ്ടാം സെറ്റിന്റെ തനിയാവർത്തനമായിരുന്നു. പക്ഷേ, വ്യത്യാസം ഒന്നുമാത്രം, അസരങ്കയ്ക്ക് നിലംതൊടാനുള്ള അവസരം പോലും ഒസാക്കി നൽകിയില്ല. ഒടുവിൽ ഒരുമണിക്കൂർ 53 മിനിറ്റ് നീണ്ട മത്സരത്തിലെ മൂന്നാം സെറ്റും സ്വന്തമാക്കി ഒസാക്ക കിരീടമുയർത്തി. സ്കോർ 1-6, 6-3, 6-3