10 May, 2016 08:57:53 AM


പഞ്ചാബിനെതിരെ ബാംഗ്ളൂരിന് ഒരു റണിന് നിര്‍ണായക ജയം



മൊഹാലി: അവസാന പന്തുവരെ ഉദ്വേഗം നീണ്ട മത്സരത്തില്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് നിര്‍ണായക പോയന്‍റ് നേടി. കിങ്സ് ഇലവന്‍ പഞ്ചാബിനെ ഒരു റണ്‍സിന് മറികടന്നായിരുന്നു നേട്ടം. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സ് ജയിക്കാനാവശ്യമായ പഞ്ചാബ് 15 റണ്‍സെടുത്തു. മാര്‍കസ് സ്റ്റോയിനിസാണ് ബാറ്റു ചെയ്തത്. അവസാന മൂന്നു പന്തില്‍ ആറു റണ്‍സ് ആയിരുന്നു ലക്ഷ്യം. എന്നാല്‍ നാലാം പന്ത് പാഴായതോടെ ലക്ഷ്യം തെറ്റി. സ്കോര്‍: ബാംഗ്ളൂര്‍ 20 ഓവറില്‍ ആറിന് 175. പഞ്ചാബ് 20 ഓവറില്‍ നാലിന് 174.

35 പന്തില്‍നിന്ന് രണ്ട് സിക്സും അഞ്ചു ഫോറും പറത്തി 64 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്സാണ് ബാംഗ്ളൂര്‍ നിരയില്‍ തിളങ്ങിയത്. ലോകേഷ് രാഹുല്‍ (25 പന്തില്‍ 42), മലയാളിതാരം സചിന്‍ ബേബി (33), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (20) എന്നിവരാണ് ബാംഗ്ളൂരിന്‍െറ മറ്റു സ്കോറര്‍മാര്‍. പഞ്ചാബിനു വേണ്ടി ക്യാപ്റ്റന്‍ മുരളി വിജയ് (57 പന്തില്‍ 89) റണ്‍സ് നേടി പൊരുതിയെങ്കിലും ഫലം കണ്ടില്ല. മാര്‍കസ് സ്റ്റോയിനിസ്(34),ഹാഷിം അംല(20) എന്നിവരും പഞ്ചാബ് നിരയില്‍ തിളങ്ങി.

പഞ്ചാബ് ബൗളിങ് നിരയില്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് ശര്‍മ, കെ.സി. കരിയപ്പ എന്നിവരാണ് തിളങ്ങിയത്. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി. സന്ദീപ് ശര്‍മ നാലോവറില്‍ 49 റണ്‍സ് വഴങ്ങിയാണ് രണ്ടുപേരെ കൂടാരം കയറ്റിയത്. എതിര്‍നിരയില്‍ വിരാട് കോഹ്ലി കളിക്കുമ്പോള്‍ ആദ്യം ബാറ്റു ചെയ്യുന്നത് പന്തിയല്ളെന്ന് തോന്നിയ പഞ്ചാബ് ക്യാപ്റ്റന്‍ ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുത്തില്ല.  ഓപണര്‍ ലോകേഷ് രാഹുല്‍ കത്തിക്കയറിയപ്പോള്‍ ബാംഗ്ളൂരിന്‍െറ സ്കോറും കുതിച്ചു. എട്ടാം ഓവറിലെ മൂന്നാം പന്തില്‍ ആദ്യ വിക്കറ്റായി രാഹുല്‍ മടങ്ങി. 63 റണ്‍സായിരുന്നു ആ സമയം ബാംഗ്ളൂരിന്‍െറ സ്കോര്‍ബോര്‍ഡില്‍. അതേ ഓവറിലെ അഞ്ചാം പന്തില്‍ കോഹ്ലിയും വീണതോടെ സന്ദര്‍ശകര്‍ ബാക്ഫൂട്ടിലായി. ഒമ്പതാമത്തെ ഓവറില്‍ ഷെയ്ന്‍ വാട്സന്‍ (1) കൂടാരം കയറിയത് ബാംഗ്ളൂര്‍ ക്യാമ്പിനെ ഞെട്ടിച്ചു. നാലു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് ബാംഗ്ളൂര്‍ തുലച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K