03 September, 2020 08:31:50 AM


മെസിയുടെ ബാഴ്സയിലെ ഭാവി; മൗനം വെടിഞ്ഞ് റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ്



മാഡ്രിഡ്: അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിയുടെ ബാഴ്സലോണയിലെ ഭാവിയെക്കുറിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ ചൂടേറിയ ചർച്ചകൾ നടക്കുന്നത്. മെസി തുടരുമോ ഇല്ലയോ എന്നതിനെക്കുറിച്ച് പല സൂപ്പർതാരങ്ങളും അഭിപ്രായം പറഞ്ഞുകഴിഞ്ഞു. എന്നാലിതുവരെ ഇക്കാര്യത്തിൽ റയൽ മഡ്രിഡ് താരങ്ങളാരും തന്നെ ഒന്നും പറഞ്ഞിട്ടില്ല. എന്നാലൊടുവിൽ ക്യാപ്റ്റൻ സെർജിയോ റാമോസ് മൗനം വെടിഞ്ഞു.


മെസി ബാഴ്സയിൽ തുടരണമെന്നാണ് താൻ ആ​ഗ്രഹിക്കുന്നതെന്നാണ് റാമോസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. സ്പാനിഷ് ഫുട്ബോളിനും, ബാഴ്സലോണയ്ക്കും,ലീ​ഗിലെ മറ്റ് ക്ലബുകൾക്കുമൊക്കെ അത് നല്ലതാകും, പ്രത്യേകിച്ച് ഏറ്റവും മികച്ച താരങ്ങൾ ചുറ്റിലുമുണ്ടാകണം എന്ന് ഞങ്ങൾ ആ​ഗ്രഹിക്കുന്നു, റാമോസ് പറഞ്ഞു. അതേസമയം തന്നെ മെസിയുടെ ഭാവിയെക്കുറിച്ച് തങ്ങൾക്ക് ആശങ്കയില്ലെന്നും, സ്വന്തം ഭാവി തീരുമാനിക്കാനുള്ള അവകാശം മെസിക്കുണ്ടെന്നും റാമോസ് കൂട്ടിച്ചേർത്തു.


കഴിഞ്ഞ ആഴ്ചയാണ് ബാഴ്സലോണ വിടണമെന്ന ആവശ്യം മെസി ക്ലബ് അധികൃതരം അറിയിച്ചത്. അതേച്ചൊല്ലിയുള്ള തർക്കങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇന്നലെ ബാഴ്സ പ്രസിഡന്റ് ജോസപ് ബാർത്തോമ്യുവും മെസിയുടെ പിതാവും തമ്മിൽ ചർച്ച നടന്നിരുന്നു. മെസി ബാഴ്സയിൽ തുടരില്ലെന്ന് സൂചന തന്നെയാണ് ഈ ചർച്ചയ്ക്ക് ശേഷവും പുറത്തുവരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K