28 August, 2020 11:20:33 PM
ചെന്നൈ സൂപ്പർ കിംഗ്സ് ടീം അംഗങ്ങൾക്ക് കോവിഡ്; ക്വാറന്റൈൻ കാലാവധി നീട്ടി
ദില്ലി: ഇന്ത്യൻ പ്രീമിയർ ലീഗിനായി യുഎഇയിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് ടീം അംഗങ്ങൾക്ക് കോവിഡ്. ചെന്നൈ ടീമിലെ ഒരു ബൗളർക്കും 12 സപ്പോർട്ട് സ്റ്റാഫിനുമാണു കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയുടെ സമീപകാല മത്സരങ്ങളിൽ കളത്തിലിറങ്ങിയ യുവ ബോളർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണു വിവരം. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. താരത്തിനു പുറമെ സ്റ്റാഫ് അംഗങ്ങളിൽ ചിലർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്ൈറൻ കാലാവധി നീട്ടാൻ ചെന്നൈ സൂപ്പർ കിംഗ്സ് തീരുമാനിച്ചു. സംഘത്തിലെ പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണു റിപ്പോർട്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിനായി ചെന്നൈ താരങ്ങൾ ഈ മാസം 21നാണ് യുഎഇയിലെത്തിയത്. ബിസിസിഐയുടെ നിർദേശമനുസരിച്ച് താരങ്ങളും സപ്പോർട്ട് സ്റ്റാഫും മൂന്നു ടെസ്റ്റുകൾക്ക് വിധേയമാകണം. ഈ മൂന്നു ടെസ്റ്റും നെഗറ്റീവ് ആയാൽ മാത്രമേ താരങ്ങളെ ബയോസെക്യുർ ബബിളിനുള്ളിൽ പ്രവേശിപ്പിക്കൂ.
ചെന്നൈയുടെ ഒരു ബൗളർ ആദ്യ രണ്ട് ടെസ്റ്റിലും പോസിറ്റീവായതാണ് റിപ്പോർട്ടുകൾ. അടുത്ത മാസം 19 മുതൽ നവംബർ 30 വരെയാണ് ഇത്തവണ ഐപിഎൽ അരങ്ങേറുക.