10 August, 2020 05:55:41 PM
ഇനി പതഞ്ജലി 'ഐ പി എല്‍'; ബാബ രാംദേവ് സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തേക്കും
ദില്ലി: ചൈനീസ് കമ്പനിയായ വിവോ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (ഐ പി എല്‍) ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് പിന്‍മാറിയതോടെ ബാബ രാംദേവിന്‍റെ 'പതഞ്‌ജലി' സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു ആഗോള മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോം കണ്ടെത്തുന്നതിന്‍റെ ഭാഗമായി സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തേക്കാന്‍ സാദ്ധ്യതയുണ്ടെന്ന് പതഞ്ജലിയുടെ വക്താവ് എസ്.കെ. തിജാറാവാല ഒരു ദേശീയമാധ്യമത്തോടു പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയതാവാദമുയര്‍ന്നതോടെയാണ് ഐ പി എല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്‍മാറിയത്. തല്‍സ്ഥാനത്ത് ഇന്ത്യന്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന പതഞ്ജലിയുടെ വരവ് ഐ പി എല്ലിനേക്കാള്‍ അവര്‍ക്കു തന്നെയാണ് പ്രയോജനപ്പെടുകയെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനായി പ്രൊപ്പോസല്‍ തയാറാക്കി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റില്‍ (ബി.സി.സി.ഐ.) സമര്‍പ്പിക്കാന്‍ ആലോചനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി വിവോ മുടക്കിയിരുന്നത്. 2018ല്‍ അഞ്ചുവര്‍ഷത്തേയ്ക്കാണ് കമ്പനിയുമായി കരാറിലെത്തിയത്. ഇത്രയും തുക പതഞ്ജലിക്ക് നല്‍കാനാകുമോയെന്ന കാര്യത്തിലാണ് സംശയം. അതുകൊണ്ടുതന്നെ സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ 50 ശതമാനം കുറവുവരുത്തുന്ന കാര്യവും ബി സി സി ഐയുടെ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 10 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇ.യില്‍ വച്ചാണ് ഇത്തവണത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുക.