26 July, 2020 01:33:38 PM
ഗാംഗുലിയുടേത് ക്രിക്കറ്റ് ബുദ്ധി; ഐസിസി ചെയര്‍മാനാവാന്‍ ഏറ്റവും യോജ്യനെന്ന് സംഗക്കാര
കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചെയർമാൻ സ്ഥാനത്തുനിന്ന് ഇന്ത്യക്കാരൻ ശശാങ്ക് മനോഹർ സ്ഥാനമൊഴിഞ്ഞപ്പോൾ ആ പദവിയിലേക്കു കറുത്ത കുതിരയായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി എത്തുമോ? ഇതാണിപ്പോൾ ക്രിക്കറ്റ് ഭരണവൃത്തങ്ങളിലെ പ്രധാന ചർച്ചാവിഷയം. ഗാംഗുലിക്കു പിന്തുണയുമായി നിരവധി ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും ഗാംഗുലിക്ക് പിന്തുണയുമായെത്തി. ഗാംഗുലിയുടേത് ക്രിക്കറ്റ് ബുദ്ധിയാണെന്നും ഐസിസി തലപ്പത്തേക്ക് വരാന്‍ ഏറ്റവും അനുയോജ്യനാണെന്നും സംഗക്കാര അഭിപ്രായപ്പെട്ടു. തങ്ങളുടെ ആഭ്യന്തര ബോർഡിനു വേണ്ടി പ്രവർത്തികാതെ നിഷ്പക്ഷമായി പെരുമാറുന്ന ആളായിരിക്കണം ചെയർമാൻ സ്ഥാനത്ത് എത്തേണ്ടത്. ഗാംഗുലി അത്തരത്തിലുള്ള ഒരാളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗരവിന് ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ്. മറ്റു രാജ്യങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ ഗാംഗുലിക്ക് സാധിക്കും. ക്രിക്കറ്റിന്റെ അടിത്തറയെന്ന് പറയുന്നത് വളര്‍ന്നുവരുന്ന തലമുറയിലാണ്. ആരാധകരാണ് മറ്റൊരു വിഭാഗം. ഇവരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഗാംഗുലിക്ക് സാധിക്കുമെന്നും മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ദക്ഷിണാഫ്രിക്കൻ മുൻ നായകനും സിഎസ്എ ക്രിക്കറ്റ് ഡയറക്ടറുമായ ഗ്രേം സ്മിത്തും ഗാംഗുലിക്ക് പിന്തുണയുമായി എത്തിയിരുന്നു. കോവിഡ് മൂലമുണ്ടായ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഐ.സി.സിയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായിട്ടുള്ളയാള് ഗാംഗുലിയാണെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടിയിരുന്നു. സിഎസ്എ സിഇഒ ജാക്വസ് ഫോളും സ്മിത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചിരുന്നു.