15 July, 2020 07:36:31 AM
സ്വന്തം മൈതാനത്ത് നോർവിച്ചിനെ കീഴടക്കി ചെൽസി മൂന്നാം സ്ഥാനത്ത് നില മെച്ചപ്പെടുത്തി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആദ്യ നാലു സ്ഥാനങ്ങളിലേക്കുള്ള പോരാട്ടം കടുക്കുമ്പോൾ നിർണായക ജയവുമായി ചെൽസി. സ്വന്തം മൈതാനത്ത് നോർവിച്ചിനെ എതിരില്ലാത്ത ഒരു ഗോളിന് ചെൽസി കീഴടക്കി. ഇതോടെ മൂന്നാം സ്ഥാനത്തുള്ള ചെൽസി ലീഡ് നാലു പോയിന്റാക്കി ഉയർത്തി. 45+3 മിനിറ്റിൽ ലിവിയെ ജിറൂദ് ആണ് ചെൽസിയുടെ വിജയഗോൾ നേടിയത്.
ലീഗിലെ ആദ്യ നാല് സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീഗ് ബർത്ത് ലഭിക്കുന്നത്. ലിവർപുളും മാഞ്ചസ്റ്റർ സിറ്റിയും ആദ്യ രണ്ടു സ്ഥാനങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു. 93 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. 72 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. മൂന്നും നാലും സ്ഥാനങ്ങൾക്കായി ചെൽസി, ലീസ്റ്റർ സിറ്റി, മാഞ്ചെസ്റ്റർ യുണൈറ്റഡ് ടീമുകളാണ് പോരാടുന്നത്.
ചെൽസിക്ക് ഇനി രണ്ടു മത്സരങ്ങളാണ് ബാക്കിയുള്ളത്. ചെൽസിക്ക് 36 മത്സരങ്ങളിൽ 63 പോയിന്റുണ്ട്. ഒരു മത്സരം കുറച്ചു കളിച്ച ലീസ്റ്ററിനും യുണൈറ്റിഡിനും 59 പോയിന്റു വീതമുണ്ട്. ആറും ഏഴും സ്ഥാനങ്ങളിലുള്ള വൂൾവ്സ് (55), ഷെഫീൽഡ് (54) എന്നീ ടീമുകളും ആദ്യ നാല് സ്ഥാനങ്ങൾക്കായുള്ള സാധ്യതകളിലുണ്ട്.
ആദ്യ ഏഴ് സ്ഥാനങ്ങൾക്കാണ് യുവേഫ, യൂറോപ്പ ലീഗ് പോരാട്ട വേദിയിലെത്താനുള്ള സാധ്യതയുള്ളത്. കാരണം, എഫ്എ കപ്പ് ജേതാക്കൾക്ക് യൂറോപ്പ ലീഗിന് നേരിട്ട് യോഗ്യത ലഭിക്കും. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, പ്രീമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്തുള്ള ആഴ്സണൽ എന്നിവ എഫ്എ കപ്പ് സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.