12 July, 2020 09:25:40 AM
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച നില കൈവിട്ട് ഇംഗ്ലണ്ട്
സതാംപ്ടണ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച നില കൈവിട്ട് ഇംഗ്ലണ്ട്. രണ്ടാം ഇന്നിംഗ്സിൽ ഒരു ഘട്ടത്തിൽ നാലിന് 249 എന്ന നിലയിലായിരുന്നു ആതിഥേയർ. എന്നാൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തിയതോടെ നാലാം ദിവസം മത്സരം അവസാനിച്ചപ്പോൾ എട്ടിന് 284 റൺസെന്ന നിലയിലായി ഇംഗ്ലണ്ട്. നിലവിൽ 170 റണ്‍സിന്റെ ലീഡ് ആണ് ഇംഗ്ലണ്ടിനുള്ളത്.
114 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ മികച്ച രീതിയിലായിരുന്നു ബാറ്റ് വീശിയത്. ഓപ്പണർ ഡോം സിബ്ലി (50), സാക് ക്രൗലി (76) എന്നിവർ ഇംഗ്ലണ്ടിനായി അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 46 റൺസും റോറി ബേൺസ് 42 റൺസും ജോയി ഡെൻലി 29 റൺസുമെടുത്തു. ഓപ്പണിംഗ് വിക്കറ്റിൽ റോറിയും സിബ്ലിയും 72 റൺസ് കൂട്ടിച്ചേർത്തതിനുശേഷമാണു പിരിഞ്ഞത്.
നാലാം വിക്കറ്റിൽ സ്റ്റോക്സിനൊപ്പം ക്രോളി നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ടിന് വൻ ലീഡിലേക്ക് പോകുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ ഇരുവരേയും പുറത്താക്കി വിൻഡീസ് ബൗളർമാർ മത്സരം തിരിച്ചുപിടിച്ചു. അഞ്ച് റണ്‍സുമായി ജോഫ്ര ആര്‍ച്ചറും ഒരു റണ്‍സ് നേടി മാര്‍ക്ക് വുഡുമാണ് ക്രീസിലുള്ളത്. വിന്‍ഡീസിനായി ഷാനണ്‍ ഗബ്രിയേല്‍ മൂന്നും അല്‍സാരി ജോസഫ്, റോസ്ടണ്‍ ചേസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ക്യാപ്റ്റൻ ജേസൺ ഹോൾഡർ ഒരു വിക്കറ്റ് വീഴ്ത്തി