11 July, 2020 11:39:17 PM
ബ്രസീൽ ദേശീയ വനിതാ ഫുട്ബോൾ താരങ്ങളായ ആൻഡ്രെസ്സയും ഫ്രാൻസിയേലയും വിവാഹിതരായി
ടൂറിൻ : ബ്രസീൽ ദേശീയ വനിതാ ടീം താരങ്ങളായ ആൻഡ്രെസ്സ ആൽവ്സും ഫ്രാൻസിയേല മാനുവർ ആൽബർട്ടോയും വിവാഹിതരായി. ഇൻസ്റ്റഗ്രാമിലൂടെ ആൻഡ്രെസ്സയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്. ബാർസിലോനയ്ക്ക് ഉൾപ്പെടെ കളിച്ചിട്ടുള്ള ആൻഡ്രെസ്സ, നിലവിൽ ഇറ്റലിയിൽ എഎസ് റോമ വനിതാ ടീമിന്റെ ഫോർവേഡാണ്. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ വെള്ളി നേടിയ ബ്രസീൽ ടീമംഗമാണ് പങ്കാളിയായ ഫ്രാൻസിയേല. ഇവരുവർക്കും എഎസ് റോമ വനിതാ ടീം ട്വിറ്ററിലൂടെ ആശംസ നേർന്നു.
'ഒരു ജീവിത കാലയളവിനപ്പുറത്തേക്കു നീളുന്ന സ്നേഹ ബന്ധങ്ങളുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം' – മുപ്പതുകാരിയായ പങ്കാളി ഫ്രാൻസിയേലയെ ടാഗ് ചെയ്ത് ആൻഡ്രെസ്സ കുറിച്ചു. ജൂലൈ പത്തിനായിരുന്നു വിവാഹമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്.
ബ്രസീലിയൻ ക്ലബ്ബുകളിലൂടെ കളിച്ചുതെളിഞ്ഞ ഇരുപത്തേഴുകാരിയായ ആൻഡ്രെസ്സ, പിന്നീട് അമേരിക്കയിൽ ബോസ്റ്റൺ ബ്രേക്കേഴ്സിലേക്ക് കൂടുമാറി. അതിനുശേഷം ബാർസിലോന ജഴ്സിയണിയുന്ന ആദ്യ ബ്രസീലിയൻ വനിതാ താരമെന്ന റെക്കോർഡുമായി സ്പെയിനിലെത്തി. മൂന്നു വർഷത്തോളം ബാർസയിൽ തുടർന്നു. ഇതിനു പിന്നാലെയാണ് ഇറ്റലിയിൽ എഎസ് റോമയിലെത്തിയത്. 2015, 2019 ലോകകപ്പുകളിൽ കളിച്ചു. റിയോ ഒളിംപിക്സിൽ മധ്യനിര താരമെന്ന നിലയിൽ ശ്രദ്ധേയയായ പങ്കാളി ഫ്രാൻസിയേല കരിയറിൽ ഏറിയ പങ്കും ബ്രസീലിയൻ ക്ലബ്ബുകൾക്കാണ് കളിച്ചത്. വിഖ്യാതമായ സാന്റോസ് ക്ലബ്ബിൽ ഒരു പതിറ്റാണ്ടിലേറെ കളിച്ചു.
കൊറിന്ത്യൻസിനായും കളിച്ചിട്ടുണ്ട്. നോർവെയിലെയും യുഎസിലെയും ക്ലബ്ബുകൾക്കായും കളിച്ചു. 2008ൽ ബെയ്ജിങ്ങിൽ വെള്ളി നേടിയ ബ്രസീൽ ദേശീയ ടീമിൽ അംഗമായിരുന്നു. 2012 ലണ്ടൻ ഒളിംപിക്സിലും 2011ലെ വനിതാ ലോകകപ്പിലും ബ്രസീലിനായി കളിച്ചു. 2018ൽ വിരമിക്കൽ പ്രഖ്യാപിച്ചു.