09 July, 2020 09:49:01 PM
ഐപിഎല്ലിന് വേദിയൊരുക്കില്ല; സന്നദ്ധത അറിയിച്ചിട്ടുമില്ല: വാര്‍ത്തകള്‍ തള്ളി ന്യൂസിലാന്‍ഡ്
വെല്ലിംഗ്ടൺ: ഐപിഎല്ലിന് വേദിയൊരുക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് ന്യൂസിലാന്‍ഡ്. തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത് എന്നും, അത്തരമൊരു തീരുമാനം മുന്‍പിലില്ലെന്നും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് വക്താവ് ബൂക്ക് പറഞ്ഞു. യുഎഇക്കും ശ്രീലങ്കക്കും പിന്നാലെ ന്യൂസിലാന്‍ഡും ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോവിഡ് മുക്തമായ രാജ്യം എന്ന നിലയില്‍ ഇങ്ങനെയൊരു സന്നദ്ധത ന്യൂസിലാന്‍ഡ് അറിയിച്ചു എന്ന നിലയിലെ വാര്‍ത്തകളാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ തള്ളുന്നത്.
സെപ്തംബര്‍ - ഒക്ടോബര്‍ മാസമാണ് ഐപിഎല്ലിനായി ബിസിസിഐ പരിഗണിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഐപിഎല്‍ നടത്താന്‍ ശ്രമിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ ഇന്ത്യയില്‍ സാധ്യമാവില്ലെന്ന വിലയിരുത്തലാണ് ശക്തമാവുന്നത്. ടി20 ലോകകപ്പ് ഈ വര്‍ഷം നടത്തില്ലെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ഒക്ടോബറിലായി ഐപിഎല്ലിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്ന സൂചനകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇതേ സമയം തന്നെ പാക് ക്രിക്കറ്റ് ബോര്‍ഡ് പിസിഎല്ലിന്റെ ബാക്കി മത്സരങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബിസിസിഐക്ക് തലവേദനയാകും.