04 July, 2020 02:04:01 AM
ജിംനേഷ്യം പൂട്ടി: ജീവിതം വഴിമുട്ടി; മിസ്റ്റര്‍ കേരള മീന്‍ കച്ചവടത്തിനിറങ്ങി
കൊച്ചി: കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉടനൊന്നും ജിംനേഷ്യം തുറക്കാനാകില്ലെന്ന ബോധ്യമായ മിസ്റ്റര്‍ കേരള മീന്‍കച്ചവടത്തിനിറങ്ങി. ലോക്ക്ഡൗൺ തീർത്ത സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് മത്സ്യം വാങ്ങാൻ മാത്രം പോയി പരിചയമുള്ള 2002 ലെ മിസ്റ്റർ കേരള സോണി മത്സ്യ കച്ചവടം ആരംഭിക്കുന്നത്. മാസങ്ങളോളമായി അടഞ്ഞുകിടക്കുന്ന ജിംനേഷ്യം എന്ന് തുറക്കാൻ കഴിയുമെന്ന് അറിയില്ല. അതുവരെ മത്സ്യ കച്ചവടം തുടരാനാണ് സോണിയുടെ തീരുമാനം.
പനമ്പിള്ളിനഗറിൽ രാവിലെ 7 മണിയോടെ ആരംഭിക്കുന്ന മത്സ്യവിൽപന ഏതാണ്ട് പത്തു മണിക്ക് അവസാനിക്കും. വരാപ്പുഴ മാർക്കറ്റിൽ നിന്നാണ് മത്സ്യങ്ങൾ എത്തിക്കുന്നത്. ജിംനേഷ്യത്തിൽ ആണെങ്കിലും മത്സ്യവിൽപന ആണെങ്കിലും ആരോഗ്യത്തിന് തന്നെയാണ് സോണിക്ക് പ്രഥമ പരിഗണന നൽകുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ജിംനേഷ്യം തുറക്കുന്നതുവരെ കാത്തിരിക്കാൻ ആകില്ല എന്നാണ് സോണി പറയുന്നത്.