03 July, 2020 10:05:03 AM
ചാമ്പ്യൻമാരെ നിലംതൊടാൻ അനുവദിക്കാതെ ഗോളിൽ മുക്കിത്താഴ്ത്തി മാഞ്ചസ്റ്റർ സിറ്റി
ലണ്ടൻ: ലീഗ് കിരീടമെന്ന പെരുമയുമായി കളത്തിലിറങ്ങിയ ചെമ്പടയെ ഗോളിൽ മുക്കിത്താഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സിറ്റി ചെമ്പടയെ നാണം കെടുത്തിയത്. ഡി ബ്രുയിനെ, സ്റ്റെർലിംഗ്, ഫോഡൻ എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. നാലാം ഗോൾ ചേംബർലെയ്ൻ വക ഓൺ ഗോളും.
ചാമ്പ്യൻമാരെ നിലംതൊടാൻ അനുവദിക്കാതെ സിറ്റി ആദ്യ പകുതിയിൽ ആധിപത്യം പുലർത്തി. 25 ാം മിനിറ്റ് മുതൽ ആദ്യ പകുതി അവസാനിക്കുന്നതുവരെ 20 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ ലിവർപൂൾ പോസ്റ്റിൽ നിക്ഷേപിച്ച് സിറ്റി മത്സരം സ്വന്തമാക്കി. രണ്ടാം പകുതിയിലും സിറ്റിയുടെ കാലിലായിരുന്നു കളി. 66 മിനിറ്റിൽ സെൽഫ് ഗോൾ കൂടി എത്തിയതോടെ ലിവർപൂളിന്റെ നാണക്കേട് പൂർത്തിയായി.
30 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ലിവർപൂൾ സ്വന്തമാക്കിയത്. ഏഴ് മത്സരം ശേഷിക്കേയായിരുന്നു ചാ മ്പ്യൻ പട്ടം ലഭിച്ചത്. ചെൽസിക്കെതിരായ മത്സരത്തിൽ 2-1ന് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടതോടെയായിരുന്നു ചെമ്പടയുടെ കിരീട ധാരണം. ഈ ദുഖം മറക്കാനും സിറ്റിക്ക് വമ്പൻ ജയത്തോടെ സാധിച്ചു