28 June, 2020 02:23:40 PM
ഇന്ത്യയുടെ അമ്പെയ്ത്ത് ചാംപ്യന്മാര്‍ ജീവിതത്തിൽ ഒന്നിക്കുന്നു; അതിഥികൾക്ക് മാസ്കും സാനിറ്റൈസറും
കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍നിര അമ്പെയ്ത്ത് താരങ്ങളാണ് ബംഗാള്‍ സ്വദേശി അതാനു ദാസും (28) ജാര്‍ഖണ്ഡുകാരി ദീപിക കുമാരിയും (26). ഒരേ കരിയറില്‍ നിന്നുള്ള ഇവര്‍ ഈ കോവിഡ് കാലത്ത് ജീവിതത്തിലും ഒന്നിക്കുകയാണ്. വരുന്ന 30നാണ് വിവാഹം. ടോക്കിയോ ഒളിംപിക്‌സിനുള്ള പരിശീലനം സെപ്റ്റംബറോടെ തുടങ്ങേണ്ടതുകൊണ്ടാണു കല്യാണം ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ചത്.
മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപികയുടെ പേരില്‍ 2 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവും 4 ലോകകപ്പ് സ്വര്‍ണവുമുണ്ട്. ലോകകപ്പിലും ലോക ചാംപ്യന്‍ഷിപ്പിലും മെഡല്‍ ജേതാവാണ് അതാനു. കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയതോടെ അതാനു ഉള്‍പ്പെട്ട പുരുഷ ടീം ഒളിംപിക് യോഗ്യത സ്വന്തമാക്കി കഴിഞ്ഞു. തുടര്‍ച്ചയായ 3-ാം ഒളിംപിക്‌സിലേക്കു ദീപികയും യോഗ്യത നേടിക്കഴിഞ്ഞു.
സാമൂഹിക അകലം പാലിക്കുന്നതിനായി രണ്ട് ചടങ്ങുകള്‍ നടത്താനാണ് ഇവരുടെ തീരുമാനം. ഒന്ന് അതിഥികള്‍ക്കും മറ്റൊരെണ്ണം കുടുംബാഗങ്ങള്‍ക്കു മാത്രമായും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും വിവാഹം. അതിഥികള്‍ വന്നാലുടന്‍ മാസ്‌ക്കും സാനിറ്റൈസറും നല്‍കാനും സജ്ജീകരണമുണ്ട്.